കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധം; സ്‌കൂള്‍ അടിച്ചു തകര്‍ത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍; എസ്എഫ്‌ഐ-എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍

മരിച്ച ഗൗരി

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ട്രിനിറ്റി ലിസിയം സ്‌കൂളിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍ രംഗത്ത്. സ്‌കൂളില്‍ അധ്യാപികമാര്‍ കരണത്തടിച്ച് ശിക്ഷ നടപ്പാക്കുന്നുവെന്നാണ് വ്യാപക പരാതി. കൊല്ലം സ്വദേശി രൂപ നല്‍കിയ പരാതിയില്‍ നാന്‍സിയെന്ന അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ രക്ഷിതാക്കള്‍ ഉന്നയിക്കുന്നു.

പല വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ രക്ഷിതാക്കളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലെ അധ്യാപിക തന്റെ മകന്റെ കരണത്തടിച്ചു എന്ന പരാതിയുമായി കൊല്ലം സ്വദേശി രൂപ എന്ന സ്ത്രീ രംഗത്തെത്തി. രൂപയുടെ പരാതിയിന്മേല്‍ നാന്‍സിയെന്ന അധ്യാപികക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. വളരെ പ്രാകൃതമായ ശിക്ഷാ നടപടികളാണ് അധ്യാപകര്‍ കുട്ടികളുടെ മേല്‍ സ്വീകരിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടാവുന്നത്. സ്‌കൂളിന്റെ അനാസ്ഥയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് ആദ്യ ഘട്ട പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്‌ഐ യുടേയും എബിവിപിയുടേയും പ്രവര്‍ത്തകര്‍ ഇപ്പോള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പ്രകടനം പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് പൊലീസ് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ചികിത്സയിലായിരുന്ന ഗൗരി എന്ന പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവന്‍ നില നിര്‍ത്തിയിരുന്നത്. സ്‌കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അതീവ രുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സയില്‍ കഴിഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പു കൂടി ചേര്‍ത്ത് പൊലീസ് ഇവര്‍ക്കെതിരെ ഇന്ന് വീണ്ടും കേസെടുക്കുമെന്നാണ് സൂചന. അധ്യാപികമാര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഉച്ചയോടെ മൃതദേഹം കൊല്ലത്തെത്തിക്കും.

DONT MISS
Top