ഇളയദളപതിക്ക് പിന്തുണയുമായി സാക്ഷാല്‍ ദളപതി; മെര്‍സലിനെയും മെര്‍സല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തേയും പുകഴ്ത്തി രജനികാന്ത്; വെട്ടിലായി ബിജെപി

മെര്‍സലിനെതിരെയുള്ള ബിജെപി പ്രചരണങ്ങള്‍ കത്തിക്കയറുമ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് നടന്‍ രജനീകാന്ത്. പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും സ്റ്റൈല്‍ മന്നന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇളയ ദളപതിക്ക് പിന്തുണയുമായെത്തിയ സാക്ഷാല്‍ ദളപതിയുടെ വാക്കുകളെ ആവേശത്തോടെയാണ് താരാരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് കാലിക പ്രശ്‌നങ്ങളെയാണെന്നും അത് അനുചിതമാണെന്നും പറയാതെ പറഞ്ഞ ദളപതിയുടെ ട്വീറ്റിന് സ്‌നേഹം രേഖപ്പെടുത്തിയും മറുപടി നല്‍കിയും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ബിജെപി എല്ലാ അടവും പയറ്റുന്ന സാഹചര്യത്തിലാണ് മെര്‍സലിന് തമിഴകത്തിന്റെ തന്നെ ആവേശമായ സാക്ഷാല്‍ ദളപതിയുടെ പിന്തുണയും അഭിനന്ദനവും എത്തിയിരിക്കുന്നത്.

മെര്‍സലിനെയും അത് സംസാരിക്കുന്ന വിഷയത്തേയും പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കമല്‍ഹാസ്സനും പാ രഞ്ജിത്തും വിജയ് സേതുപതിയും വിശാലുമുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിന് കത്രിക വയ്ക്കുന്നതിനോടും ചിത്രത്തിനെതിരെ അസഹിഷ്ണുത കാണിക്കുന്നതിനോടും എതിര്‍പ്പ് അറിയിച്ചു. ചിത്രം പറയുന്നത് സത്യമായ കാര്യമാണെന്ന് പാ രഞ്ജിത്ത് പറഞ്ഞപ്പോള്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ഹാസ്സന്‍ പറഞ്ഞു. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയരുത് എന്ന് വിജയ് സേതുപതി പ്രതികരിച്ചു.

മെര്‍സല്‍ എന്ന വിജയ് ചിത്രത്തിലെ ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് വിജയ് ആരാധകര്‍ തന്നെയാണ്. തങ്ങളുടെ പ്രിയതാരത്തെ ബിജെപി അപമാനിക്കാന്‍ ശ്രമിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ബിജെപി വിലക്കിയ ഡയലോഗുകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിച്ചു കൊണ്ടാണ് വിജയ് ഫാന്‍സ് മറുപടി നല്‍കിയത്. ഇപ്പോള്‍ രജനീകാന്ത് കൂടി പിന്തുണ അറിയിച്ചതോടെ ആവേശത്തിലാണ് തമിഴ് സിനിമാലോകം.

ഇതിനിടെ വിജയ് എന്ന സൂപ്പര്‍താരത്തെ ജോസഫ് വിജയ് എന്നു വിളിച്ച് വിഷയം കൊഴുപ്പിക്കാന്‍ നോക്കിയത് ബിജെപിക്ക് വീണ്ടും തിരിച്ചടിയായി. മതം പറഞ്ഞും വര്‍ഗ്ഗീയത സൃഷ്ടിച്ചും ഭിന്നിപ്പിക്കാന്‍ നോക്കിയ തന്ത്രം പൊളിച്ചടുക്കി കൈയില്‍ കൊടുത്തു ആരാധകര്‍. ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും ഇളയ ദളപതിയെയും താഴ്ത്തിക്കെട്ടാന്‍ ഇറക്കിയ സകല തന്ത്രങ്ങളും ബിജെപിക്കു തന്നെയുള്ള അടിയാവുകയായിരുന്നു. ഇതോടെ മെര്‍സലിന് സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്തു. സ്വയം പരിഹാസ്യരാകുന്നത് തിരിച്ചറിയാതെ ഇപ്പോഴും മതം പറഞ്ഞും ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഷയമല്ലെന്നും പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തുണ്ട്.

DONT MISS
Top