വനിതാക്കമ്മീഷന്‍ മുന്‍ അധ്യക്ഷയ്ക്ക് മുന്‍ സെക്രട്ടറി നഷ്ടപരിഹാരം നല്‍കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: സംസ്ഥാന വനിതാക്കമ്മീഷന്‍ മുന്‍ സെക്രട്ടറി ഇ അംബികാമ്മ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ലോകായുക്ത ഉത്തരവ്. ജസ്റ്റിസ് ഡി ശ്രീദേവി നല്‍കിയ പരാതിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ജസ്റ്റിസ് ശ്രീദേവി നല്‍കിയ പരാതിയില്‍ വിശദമായ തെളിവെടുപ്പും ഹിയറിങും നടത്തിയ ലോകായുക്ത ഡിവിഷന്‍ ബെഞ്ച്, അംബികാമ്മയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഏറെയും ശരിയാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ആജ്ഞാലംഘനവും (ഇന്‍സബോര്‍ഡിനേഷനും) അനുസരണക്കേടും (ഡിസ്ഒബീഡിയന്‍സും) നടത്തിയ അംബികാമ്മ പരാതിക്കാരിക്ക് മാനസിക യാതനയും കഷ്ടതയും ധനനഷ്ടവും വരുത്തയെന്നും അതിനാല്‍ പരാതിക്കാരിക്ക് അംബികാമ്മ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരാതികാരി ഉന്നയിച്ച ആരോപണങ്ങളില്‍ ശരിയാണെന്ന് ലോകായുക്ത കണ്ടെത്തിയവ

1. വനിതാ കമ്മീഷന്‍ നടത്തിയ സംസ്ഥാനതല സെമിനാറില്‍ ഓഫീസില്‍ ഹാജരായിരുന്നിട്ടും പങ്കെടുത്തില്ല

2. സെമിനാറില്‍ പങ്കെടുത്ത ജീവനക്കാരുടെ ഹാജറില്‍ ചുവപ്പ് മഷിവരച്ച് അവധി രേഖപ്പെടുത്തി

3. വനിതാ കമ്മീഷന്‍ ആക്ട് പ്രകാരം ചെയര്‍പേഴ്‌സണുമായി ആലോചിച്ച് വേണം മീറ്റിങ്ങിന്റെ അജണ്ട നിശ്ചയിക്കാന്‍. അത് നിരന്തരം ലംഘിച്ചു.

4. മിനിറ്റ്‌സ് ബുക്കില്‍ തിരുത്തല്‍ വരുത്തി

5. സൗമ്യവധത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷ സംബന്ധിച്ച ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് എടുത്ത തീരുമാനം അട്ടിമറിച്ചു

6. നിയമ സംബന്ധിയായ ഒരു പുസ്തകം വാങ്ങുവാന്‍ ഉത്തരവ് നല്‍കിയിട്ടും ബജറ്റ് വിഹിതം ഉണ്ടായിട്ടും അത് നടപ്പായില്ല

7. വനിത കമ്മീഷന്‍ നടത്തിയ അദാലത്ത് സംബന്ധിച്ച ബില്ലുകള്‍ മാറ്റി നല്‍കിയില്ല

പരാതിയുടെ ഹിയറിങ്സമയത്ത് വനിത കമ്മീഷന്‍ ആക്ടിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വനിത കമ്മീഷന്‍ അധ്യക്ഷ കമ്മീഷനിലെ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന ആളാണെന്നും മെമ്പര്‍ സെക്രട്ടറി അതിന് കീഴെ വരുന്ന ഉദ്യോഗസ്ഥയാണന്നും വിലയിരുത്തി.അതുകൊണ്ട് തന്നെ സെക്രട്ടറി ആജ്ഞാലംഘനവും അനുസരണക്കേടും നടത്തിയതായി കണ്ടെത്തി.

പരാതിക്കാരി ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ലോകായുക്ത നിയമം സെക്ഷന്‍ 14 പ്രകാരം എതിര്‍കക്ഷി ഈ സ്ഥാനം വഹിക്കുവാന്‍ യോഗ്യയല്ല എന്ന് പ്രഖ്യാപിച്ച് അവരെ പുറത്താക്കണമെന്നും മറ്റൊന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ആയിരുന്നു.അംബികാമ്മ റിട്ടയര്‍ ചെയ്തതിനാല്‍ ഈ ആവശ്യത്തിന് പ്രസക്തി ഇല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിക്ക് ഉണ്ടായ മാനസിക യാതനയും ധനനഷ്ടവും കഷ്ടതയും പരിഗണിച്ച് അവര്‍ക്ക് അംബികാമ്മ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച് അംബികാമ്മയ്ക്ക് നോട്ടീസ് അയക്കുവാന്‍ ബെഞ്ച് ഉത്തരവിട്ടു.

DONT MISS
Top