ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്

ധാക്ക: ഏഷ്യയിലെ ഹോക്കി ചാമ്പ്യന്‍പട്ടം ഇന്ത്യ സ്വന്തമാക്കി. ഏഷ്യാകപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി രമണ്‍ദീപ് സിംഗ്, ലളിത് ഉപാധ്യായ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഏഷ്യാകപ്പിലെ ഏഴാം ഫൈനലിനിറങ്ങിയ ഇന്ത്യ മൂന്നാം കിരീടമാണ് ഇന്ന് കരസ്ഥമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം.


പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയില്‍ മുത്തമിടുന്നത്. ഏറ്റവും ഒടുവില്‍ 2007 ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചിരുന്നു. അതിന്റെ ആത്മവിശ്വാത്തില്‍ കലാശപ്പോരിന് ഇറങ്ങിയ ഇന്ത്യ മൂന്നാം മിനിട്ടില്‍ത്തന്നെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. എസ്‌വി സുനിലുമൊത്ത് രമണ്‍ദീപ് സിംഗ് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 29 ആം മിനിട്ടില്‍ ലളിത് ഉപാധ്യയുടെ ഗോളില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി. അവസാന ക്വാര്‍ട്ടറിലാണ് മലേഷ്യ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ 4-0 ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇറാനോട് സമനില വഴങ്ങിയ ഇന്ത്യ അടുത്ത മത്സരത്തില്‍ മലേഷ്യയെ 6-1 ന് നിലംപരിശാക്കി. ഫൈനലിലെത്താന്‍ പാകിസ്താനെതിരെ സമനില മാത്രം മതിയായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ കലാശപ്പോരിന് അര്‍ഹത നേടിയത്.

DONT MISS
Top