സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനം എറണാകുളത്തിന്റെ മുന്നേറ്റം, കിരീടം ഉറപ്പിച്ചു

പാലാ: അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മുന്നാം ദിനം എറണാകുളത്തിന്റെ മുന്നേറ്റം. മാര്‍ ബേസിലിന്റെ ചിറകിലേറി എറണാകുളം സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിയപ്പോള്‍ പാലായില്‍എതിരാളികള്‍ ബഹുദൂരം പിന്നിലായി.ഒരു ദിവസം ശേഷിക്കെ സ്വര്‍ണ്ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് കായിക കേരളം ഉറ്റുനോക്കുന്നത്.

1,500 മീറ്റര്‍ മത്സരങ്ങളിലെ സ്വര്‍ണ്ണ വേട്ടയോടെയാണ് എറണാകുളം മൂന്നാം ദിനം ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ ഒരു പോയിന്റിന് മാത്രം ലീഡുണ്ടായിരുന്ന പാലക്കാട് ഇതോടെ ബഹുദൂരം പിന്നിലായി. 73 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 സ്വര്‍ണ്ണത്തിന്റെയും 11 വെള്ളിയുടെയും 16 വെങ്കലത്തിന്റെയും അകമ്പടിയോടെ 205 പോയിന്റാണ് എറണാകുളത്തിന്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 16 സ്വര്‍ണ്ണവും 10 വെള്ളിയും 20 വെങ്കലവും അടക്കം 134 പോയിന്റ്. 86 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

ട്രാക്ക് ഇനങ്ങളില്‍ നേടിയ മികച്ച മുന്നേറ്റങ്ങളാണ് എറണാകുളത്തിന് തുണയായത്. സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തിലും എറണാകുളത്തിന്റെ ആധിപത്യം വ്യക്തം. 57 പോയിന്റുമായി മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കല്ലടി സ്‌കൂളിനെ പിന്തള്ളി എറണാകുളത്തിന്റെ തന്നെ മാതിരപ്പള്ളി വിഎച്ച്എസ്എസ് 46 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 36 പോയിന്റുമായി പറളി സ്‌കൂള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പാലക്കാടിന് വിനയായി. 22 മത്സരങ്ങള്‍ മാത്രം ശേഷിക്കെ കിരീടം നിലനിര്‍ത്താന്‍ പാലക്കാടിന് നന്നേ വിയര്‍ക്കേണ്ടി വരും.

DONT MISS
Top