പൊക്കമില്ലായ്മയാണ് കണ്ണന്റെ പൊക്കം; കായികമേളയില്‍ താരമായി കാസര്‍ഗോഡുകാരന്‍

കണ്ണന്‍ മത്സരത്തിനിടെ

കോട്ടയം: സ്‌കൂള്‍ കായികമേളയില്‍ പ്രകടനം കൊണ്ട് ശ്രദ്ധേയരായവര്‍ നിരവധിയാണ് പക്ഷെ ഉയരക്കുറവുകൊണ്ട് താരമായ ഒരാള്‍ കാസര്‍ഗോഡ് നിന്നും പാലായിലെത്തി. ജൂനിയര്‍ ആണെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ ചീമേനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കണ്ണനാണ് കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഈ താരം.

നടന്ന് നടന്ന് വലിയ ആളാകണം, അതാണ് കണ്ണന്റെ സ്വപ്നം. ഇരട്ടി പൊക്കമുണ്ടായവരാണ് ഒപ്പം മത്സരിക്കാനുണ്ടായവരില്‍ ഭൂരിഭാഗം പേരും. പക്ഷെ അവസാന മിനുട്ടുവരെ ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടായില്ല. എല്ലാവരെയും നടന്നുതോല്‍പ്പിക്കുമെന്ന ഭാവം പ്രകടനത്തില്‍ ഉടനീളം ഉണ്ടായിരുന്നു.

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കണ്ണന്‍. പക്ഷെ പങ്കെടുത്തത് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ്. അതിനുമുണ്ട് പിന്നില്‍ മറ്റൊരു കഥ. ജൂനിയര്‍ വിഭാഗത്തില്‍ കണ്ണനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന രണ്ടുപേര്‍ ഇതേ സ്‌കൂളില്‍ ഉണ്ട്. എന്നാല്‍ സീനിയര്‍ വിഭാഗത്തില്‍ അത്ര കഴിവുള്ളവര്‍ മറ്റാരുമില്ല. എന്നാല്‍ പിന്നെ സീനിയര്‍ എങ്കില്‍ അങ്ങനെ, ഒരു കൈ നോക്കാമെന്നായി ഈ കൊച്ചുമിടുക്കന്‍.

പൊലീസ് ആകണമെന്നാണ് കണ്ണന്റെ ആഗ്രഹം. മത്സരത്തില്‍ പന്ത്രണ്ടാമനായാണ് ഫിനിഷ് ചെയ്തതെങ്കിലും ചേട്ടന്‍മാരെല്ലാം തളര്‍ന്നപ്പോഴും കണ്ണന്‍ ഉഷാറായിരുന്നു. കണ്ണന്റെ സഹോദരങ്ങളായ മൂന്നുപേരും കായികമേളയില്‍ വ്യത്യസ്ത ഇനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൂലിവേലക്കാരനായ ഗണേശന്റെയും ശ്യാമളയുടെയും മകനായ കണ്ണന് പ്രായത്തിനൊത്ത ഉയരമില്ല. പക്ഷെ ഏത് ഉയരവും തനിക്ക് വലുതല്ല എന്ന് പറയുന്നുണ്ട് ആ കണ്ണുകളിലെ തിളക്കം.

DONT MISS
Top