“അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് പറയരുത്”, ശബ്ദമുയര്‍ത്താനുള്ള സമയമായെന്ന് വിജയ് സേതുപതി


വിജയ്, വിജയ് സേതുപതി

മെര്‍സല്‍ എന്ന വിജയ് ചിത്രത്തിലെ ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ വിജയ് സേതുപതി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലാണ് വിജയ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ആളുകളോട് ശബ്ദമുയര്‍ത്തേണ്ട സമയം എത്തിക്കഴിഞ്ഞു എന്നും അദ്ദേഹം കുറിച്ചു.

ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയരുത് എന്നും സേതുപതി പറയുന്നു. ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി.

മെര്‍സലിനെയും അത് സംസാരിക്കുന്ന വിഷയത്തേയും പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കമല്‍ഹാസ്സനും പാ രഞ്ജിത്തുമുള്‍പ്പെടെ ചിത്രത്തിന് കത്രിക വയ്ക്കുന്നതിനോടും ചിത്രത്തിനെതിരെ അസഹിഷ്ണുത കാണിക്കുന്നതിനോടും എതിര്‍പ്പ് അറിയിച്ചു. ചിത്രം പറയുന്നത് സത്യമായ കാര്യമാണെന്ന് പാ രഞ്ജിത്ത് പറഞ്ഞപ്പോള്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ഹാസ്സന്‍ പറഞ്ഞു.

ഇതിനിടെ വിജയ് എന്ന സൂപ്പര്‍താരത്തെ ജോസഫ് വിജയ് എന്നുമാത്രം വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു ബിജെപി. മലായളത്തിന്റെ പ്രിയ സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ചതുപോലെ വിഷയത്തിലേക്ക് ബിജെപി മതം കലര്‍ത്തി. ഇതോടെ മെര്‍സലിന് സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്തു. സ്വയം പരിഹാസ്യരാകുന്നത് തിരിച്ചറിയാതെ ഇപ്പോഴും മതം പറഞ്ഞും ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഷയമല്ലെന്നും പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തുണ്ട്.

DONT MISS
Top