വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പറയുന്നത് വാസ്തവമായിരിക്കണം; മെര്‍സല്‍ വിവാദത്തെ ന്യായീകരിച്ച് ബിജെപി

ദില്ലി: തമിഴ് ചിത്രം മെര്‍സലിനെതിരെ വിവാദ പ്രസ്താവനകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്ത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട് എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടായിരിക്കണമെന്നാണ് ബിജെപി നേതാവ് സുധേഷ് ശര്‍മ്മ ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു ഭാഗത്ത് ജിഎസ്ടി നടപ്പിലാക്കിയതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ നോക്കുകയും മറുഭാഗത്ത് കുറ്റപ്പെടുത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത തീരുമാനമായിരുന്നു ഏകീകൃത നികുതി സമ്പ്രദായം നടപ്പില്‍ വരുത്തുക എന്നത്. ഇപ്പോള്‍ ഒരു സിനിമയില്‍ വസ്തുതകളെ തെറ്റായാണ് ചിത്രീകരിക്കുന്നത് എങ്കില്‍ ആളുകള്‍ ആ തെറ്റു ചൂണ്ടിക്കാട്ടുന്നതും അത് തിരുത്താന്‍ ആവശ്യപ്പെടുന്നതും സാധാരണമാണ്. ‘നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം പക്ഷെ പറയുന്ന കാര്യങ്ങള്‍ വാസ്തവമുള്ളതാകണം,’ ശര്‍മ്മ പറയുയുന്നു.

അതേസമയം വിമര്‍ശനങ്ങളെ ബിജെപി സ്വീകരിക്കുമെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളെ മാത്രമാണ് സിനിമയില്‍ എതിര്‍ക്കുന്നതെന്നും ബിജെപിയുടെ മറ്റൊരു നേതാവ് എച്ച് രാജയും കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ വിമര്‍ശനങ്ങളെ സ്വീകരിക്കും. പക്ഷെ വാസ്തവത്തെ തെറ്റായി ചിത്രീകരിച്ചതിനെ മാത്രമാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. അതില്‍ വ്യക്തത വരുത്തണം,’ രാജ പറഞ്ഞു.

തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായി തിയറ്ററില്‍ എത്തിയ ചിത്രം മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്. അതേസമയം ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്

DONT MISS
Top