“സിനിമാക്കാരുടെ ശ്രദ്ധയ്ക്ക്: ചലചിത്രങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ഗവണ്‍മെന്റിനെ പുകഴ്ത്തണമെന്ന നിയമം വരുന്നു”, കേന്ദ്ര സര്‍ക്കാറിനെ കളിയാക്കി ചിദംബരം

പി ചിദംബരം

മെര്‍സല്‍ എന്ന സിനിമയ്ക്ക് നേരിടേണ്ടിവരുന്ന സംഘപരിവാര്‍ എതിര്‍പ്പനെ പരിഹസിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇപ്പോള്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരവും കേന്ദ്ര സര്‍ക്കാറിനെ കളിയാക്കി അഭിപ്രായം രേഖപ്പെടുത്തി. ഇനി പുതിയ ചിത്രങ്ങളിറക്കുമ്പോള്‍ അതില്‍ സര്‍ക്കാറിനെ പുകഴ്ത്തലും ഉണ്ടാകണം എന്നാണ് അദ്ദേഹം കുറിച്ചത്.

നേരത്തെ മെര്‍സലിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി, കമല്‍ഹാസ്സന്‍, പാ രഞ്ജിത്ത് എന്നിവരെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ചപ്പോള്‍ ചിത്രം ഇനിയും സെന്‍സര്‍ ചെയ്യേണ്ടതില്ല എന്നാണ് കമല്‍ പറഞ്ഞത്. സത്യമായ കാര്യം പറയുമ്പോള്‍ അസഹിഷ്ണുതയെന്തിന് എന്ന് പാ രഞ്ജിത്തും ചോദിക്കുന്നു.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ നീക്കമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ശരാശരിക്കും മുകളില്‍ നിരൂപക ശ്രദ്ധയും നേടുന്നു. എന്നാല്‍ ബിജെപിയുടെ അഭിപ്രായത്തോട് ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

DONT MISS
Top