ചെന്നിത്തലയുടെ യാത്രയോടെ യുഡിഎഫില്‍ ‘പടയൊരുക്കം’ ആരംഭിക്കും: കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര തുടക്കം കുറിക്കുന്നതോടെ യുഡിഎഫില്‍ പടയൊരുക്കം ആരംഭിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. സിപിഐഎമ്മിന്റെ ഉത്തരമേഖല ജനജാഗ്രതായാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസിന്റെ മറ്റൊരു പതിപാണ് ആര്‍എസ്സ്എസ്സ് എന്നും കേരളത്തില്‍ അക്രമവും കലാപവും അഴിച്ചു വിടാനാണ് ആര്‍എസ്സ്എസ്സിന്റെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. അക്രമത്തിന്റെ കാര്യത്തില്‍ ബിജെപിയോട് മത്സരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇല്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ കാസര്‍ഗോഡ് നിന്നുമാണ് ആരംഭിച്ചത്. ഉപ്പളയില്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായാണ് ജാഥ പ്രയാണം ആരംഭിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് രക്ഷയില്ലാതായെന്ന് ഡി രാജ പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനരക്ഷയുണ്ടോ എന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.

മന്ത്രമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി കരുണാകരന്‍ എംപി, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജാഥ നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

DONT MISS
Top