ദലൈലാമയുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റം; മുന്നറിയിപ്പുമായി ചൈന

ദലൈലാമ

ബീജിങ് : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് ചൈന മുന്നറിയിപ്പു നല്‍കി. അദ്ദേഹവുമായി കൂടിക്കാഴ്ചകള്‍ നടത്തുന്ന രാജ്യങ്ങളെയും നേതാക്കളെയും സംഘടനകളെയുമെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ചൈന പറഞ്ഞു.

ദലൈലാമയോട് നല്ല ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്നത് ചൈനയുടെ വികാരത്തിന് എതിരാണെന്ന് ചൈനീസ് വക്താവ്‌ ഷാങ് യിജിയോങാണ് അറിയിച്ചത്. ചൈനയുമായി നല്ല ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്ന രാജ്യങ്ങള്‍  തിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചൈനയില്‍ നിന്നും ടിബറ്റിനെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന നേതാവായാണ് ദലൈലാമയെ അവര്‍ കാണുന്നത്. ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന ദലൈലാമയുടെ നിലപാടാണ് ചൈനയുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ദലൈലാമയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന്‌ ഇതിനു മുന്‍പ് തന്നെ ചൈന വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ദലൈലാമയോട് വെച്ചു പുലര്‍ത്തുന്ന നിലപാടുകളെ ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ  ഷാങ് കുറ്റപ്പെടുത്തി. 1959 ല്‍ സ്വന്തം രാജ്യത്തെ വഞ്ചിച്ച് ദലൈലാമ മറ്റൊരു രാജ്യത്തേക്ക് ചേക്കേറിയെന്നും അവിടെ അഭയം പ്രാപിച്ചെന്നുമാണ് പറഞ്ഞത്. ഈ വര്‍ഷം ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിനെതിരെ ചൈന വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

DONT MISS
Top