സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം

എംഎം ഹസന്റെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: സോളാർ കേസിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ എംഎംഹസൻ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. റിപ്പോർട്ട് തിടുക്കപ്പെട്ട് നിയമസഭയിൽ വയ്ക്കുന്നത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും ഹസൻ വിമർശിച്ചു.

ഉമ്മൻ ചാണ്ടിയേപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണെന്നും റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതിനു ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും ഹസൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സോളാർ കേസുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട സർക്കാർ നടപടിയിലെ അപാകതകളും തുറന്നു കാട്ടുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാര്‍ കമ്മീഷന്‍ ഏതെങ്കിലും രാഷ്ട്രീയ താല്‍പര്യത്തിന് വശംവധരായാണോ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് പരിശോധിക്കണമെന്ന് ഹസന്‍ പറഞ്ഞു. നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടാൻ നിയമ വിദഗ്ധരുടെ ഉപദേശങ്ങൾ തേടുമെന്നും ഹസൻ അറിയിച്ചു.

അതേസമയം, ഇന്നത്തെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തെ രാഷ്ട്രീയമായി നേരിടണമെന്ന ആവശ്യമാണ് എ, ഐ വ്യത്യാസമില്ലാതെ യോഗത്തില്‍ പലരും ആവശ്യപ്പെട്ടത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന് ഒരു വിധത്തിലും നിയമസാധുതയില്ലെന്ന് ആരോപണവിധേയനായ ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനുള്ള നീക്കമാണ് ഇതിലൂടെ നടന്നതെന്ന് മറ്റൊരു ആരോപണവിധേയനായ കെസി വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സോളാര്‍ കേസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top