“തമിഴ് അഭിമാനത്തോട് പൈശാചികത പുറത്തെടുക്കരുത് മിസ്റ്റര്‍ മോദി”, ‘മെര്‍സലിന്’ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ദില്ലി: ‘മെര്‍സല്‍’ വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. തമിഴ് അഭിമാനത്തോട് പൈശാചികത പുറത്തെടുക്കരുത് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മിസ്റ്റര്‍ മോദി എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം ട്വീറ്റ് ആരംഭിക്കുന്നത്. സിനിമ എന്നത് തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടേയും ആഴത്തിലുള്ള ആവിഷ്‌കാരമാണെന്നും അദ്ദേഹം കുറിച്ചു.

ഡീമോണിറ്റൈസ് എന്ന വാക്കുകൊണ്ട് മോദിയെ കുത്തുന്നുമുണ്ട് രാഹുല്‍. പൈശാചികത കാണിക്കുക എന്നതിന് demon-etise എന്ന വാക്കാണ് രാഹുല്‍ ഉപയോഗിച്ചത്. സിനിമയില്‍ നോട്ട് നിരോധനത്തെ കളിയാക്കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളതിനാലാണ് മെര്‍സലില്‍നിന്ന് ഇവ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിഴരസി സുന്ദര്‍രാജാണ് ചിത്രത്തിനെപ്പറ്റി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ നീക്കമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ശരാശരിക്കും മുകളില്‍ നിരൂപക ശ്രദ്ധയും നേടുന്നു. എന്നാല്‍ ബിജെപിയുടെ അഭിപ്രായത്തോട് ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

DONT MISS
Top