തുറന്ന സംവാദത്തിന് ബിജെപി ഒരുക്കം, സ്ഥലവും സമയവും പിണറായിക്കു പറയാം: മുഖ്യമന്ത്രിയോട് കെ സുരേന്ദ്രന്‍

കേരളത്തിന്റെ വികസന കാര്യത്തില്‍ തുറന്ന സംവാദത്തിന് തങ്ങള്‍ തയ്യാറാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തുറന്ന സംവാദത്തിന് ബിജെപി തയ്യാറാണെന്നും, സ്ഥലവും സമയവും പിണറായിക്ക് പറയാമെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ മറുപടി. വികസനത്തിന്റെ കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ തയ്യാറാണോ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിനുള്ള മറുപടിയായാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വികസനത്തിന്റെ കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും. സിപിഐഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചര്‍ച്ച നടത്താം. കൃഷി, വ്യവസായം, ഐ. ടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാം. പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം ഇതുപോലെ മഴലഭിക്കുന്ന ഒരു നാട് നാല്‍പ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശംപളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സന്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാം. സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.

DONT MISS
Top