ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് തുടക്കം; വടക്കന്‍ മേഖലാജാഥ കോടിയേരിയും തെക്കന്‍ മേഖലാജാഥ കാനവും നയിക്കും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വര്‍ഗീയതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രതായാത്രയ്ക്ക് ഇന്ന് തുടക്കം. വടക്കന്‍ മേഖലാജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, തെക്കന്‍ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും.

വടക്കന്‍ മേഖലാ ജാഥ ഇന്ന്  വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും, കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ബിജെപി ആര്‍എസ്എസ് വ്യജ പ്രചരണങ്ങള്‍ തുറന്നുകാട്ടുന്നതിനൊപ്പം, ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ ജനങ്ങളോട് വിശദീകരിക്കുന്നതിനും ജാഥ ഉപയോഗപ്പെടുത്തും.

കോടിയേരി നയിക്കുന്ന ജാഥയില്‍ സിപിഐയുടെ സത്യന്‍ മൊകേരി, ജനതാദള്‍ എസിലെ പിഎം ജോയ്, എന്‍സിപിയിലെ പി കെ രാജന്‍, കോണ്‍ഗ്രസ് എസിലെ ഇ പി ആര്‍ വേശാല, കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് എന്നിവര്‍ അംഗങ്ങളായിരിക്കും.

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ സിപിഐഎമ്മിലെ എ വിജയരാഘവന്‍, ജനതാദള്‍ എസിലെ ജോര്‍ജ് തോമസ്,എന്‍സിപിയിലെ അഡ്വ. ബാബു കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് എസിലെ ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ , കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം നേതാവ് പി എം മാത്യു എന്നിവരാണ് അംഗങ്ങള്‍.

DONT MISS
Top