അധ്യാപകന്‍ ഒന്‍പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; സാമുദായിക വിരുന്ന് നല്‍കാത്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഊരു വിലക്ക്

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍ : സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഗര്‍ഭിണിയാക്കിയ ഒന്‍പതാം ക്ലാസുകാരിക്കും കുടുംബത്തിനും ഊരു വിലക്ക് കല്‍പിച്ചു. പെണ്‍കുട്ടികള്‍  ഗര്‍ഭിണിയായാല്‍ സമുദായത്തിന് വിരുന്ന് കൊടുന്ന ആചാരം ഇവരുടെ ഇടയില്‍ ഉണ്ട്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പേരില്‍ സമുദായത്തിന് വിരുന്നൊരുക്കാത്തതിലാണ് ഇവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടിക്ക് വേണ്ട ചികിത്സ എങ്ങനെ നല്‍കും എന്നുള്ള ആധിയിലാണ് ഇവരുടെ വീട്ടുകാര്‍. കൂലിപ്പണിക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സമുദായത്തിന് മുഴുവന്‍ വിരുന്ന് നല്‍കണമെങ്കില്‍ 30000 രൂപ എങ്കിലും വേണ്ടിവരും. എന്നാല്‍ ഈ തുക തനിക്ക് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. മകളുടെ ചികിത്സയ്ക്ക് തന്നെ വളരെ കഷ്ടപ്പെട്ടാണ് കുടുംബം പണം കണ്ടെത്തുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ജില്ലാ സാമുഹ്യക്ഷേമ വകുപ്പ് ഓഫീസറായ ജഗന്നാദ് സോറെന്‍ പെണ്‍കുട്ടിയുടെ കുടുംബം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കിയതായും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കായി ഒഡീഷാ സര്‍ക്കാര്‍ പ്രഖ്യാപിച്ച 3 ലക്ഷം രൂപ ഇവര്‍ക്ക് ലഭ്യമാക്കുമെന്നും പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. ബിദുഭൂഷന്‍ എന്നയാളെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡോക്ടര്‍ ഇതിന് തയ്യാറായില്ല.

DONT MISS
Top