ട്രോളുകള്‍ക്ക് വിട; കാളിദാസ് ജയറാമിന്റെ ‘പൂമരം’ ക്രിസ്മസിനെത്തും

കാത്തിരിപ്പിനും ട്രോളുകള്‍ക്കും വിരാമമിട്ട് കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഡിസംബറില്‍ തിയറ്ററില്‍ എത്തും. ഒരു ടെലിവിഷന്‍ പരിപാടിക്കനുവദിച്ച അഭിമുഖത്തില്‍ ജയറാമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അകാരണമായി റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ചിത്രം ഉപേക്ഷിച്ചെന്നുകാട്ടി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പോലും വരാനിടയായി.

കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. മഹാരാജാസ് കോളേജില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൂമരം തികഞ്ഞ ഒരു ക്യാമ്പസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും വേഷമിടുന്നതായാണ് സൂചന. ഡോ പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top