ആമീറിന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് പൊളിച്ചു: കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

മുംബൈ: മലയാളത്തില്‍ മമ്മുട്ടിയെയും മോഹന്‍ലാലിനെയും അസഭ്യവര്‍ഷം നടത്തിയ വിവാദ നായകന്‍ കെആര്‍കെ  ബോളിവുഡ് താരം ആമീര്‍ ഖാനെ വിമര്‍ശിച്ച് പണി പാളിയിരിക്കുകയാണ്. ആമീര്‍ ഖാന്‍ നിര്‍മിച്ച ദീപാവലി ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തിയതാണ് കെആര്‍കെയ്ക്ക് പറ്റിയ അബദ്ധം.

മികച്ച അഭിപ്രായത്തോടെ തീയേറ്ററില്‍ മുന്നേറുന്ന ആമീര്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിനെ പറ്റി മോശം നിരൂപണം എഴുതുകയും, ചിത്രത്തിന്റെ പ്രധാന ക്ലൈമാക്‌സ് വരെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ  കെആര്‍കെ വെളിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ആമീര്‍ നിയമപരമായി മുന്നോട്ട് നീങ്ങുകയായിരുന്നു.  സിനിമയുടെ സസ്‌പെന്‍സ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നിലവില്‍ ട്വിറ്റര്‍ അധികൃതര്‍ കെആര്‍കെയുടെ അക്കൗണ്ട് നീക്കം ചെയ്തിരിക്കുകയാണ്.

മുന്‍പ് മുതല്‍ വിവാദ പോസ്റ്റുകളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടയാളാണ് കെആര്‍കെ. ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന വാര്‍ത്തയെത്തിയപ്പോള്‍ ആരാണ് മോഹന്‍ലാലെന്നും ഭീമനല്ല, ഛോട്ടാ ഭീമനാകാനെ ആദ്ദേഹത്തിന് പറ്റൂവെന്നുമുള്ള കെആര്‍കെയുടെ പോസ്റ്റ് വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാളികള്‍ അപ്പാടെ കെആര്‍കെയുടെ പേജില്‍ കയറി പൊങ്കാലയിട്ടിരുന്നു. മലയാളികളുടെ കൂട്ട ആക്രമണത്തിനൊടുവില്‍ തന്റെ ട്വീറ്റില്‍ മാപ്പ് പറഞ്ഞും ഖേദപ്രകടനം നടത്തിയുമാണ് കെആര്‍കെ വിവാദത്തില്‍ നിന്ന് തലയൂരിയത്.

മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ സി ഗ്രേഡ് നടന്‍ എന്ന് ആക്ഷേപിച്ചും കെആര്‍കെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, താങ്കളെ പരിഹസിക്കുന്നതിന് മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ലഎന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

കെആര്‍കെയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെ മോഹന്‍ലാല്‍, മമ്മൂട്ടി ആരാധകരടക്കം മലയാളികള്‍ കെആര്‍കെയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെആര്‍കെയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചീത്തവിളികളും നിറഞ്ഞു.

അനില്‍ കുംബ്ലെയ്ക്ക് പകരം പുതിയ ഇന്ത്യന്‍ കോച്ചിനായി ബിസിസിഐ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും മുന്‍ കളിക്കാരനും കോച്ചുമായിരുന്ന രവി ശാസ്ത്രിയെയും അഴിമതിക്കാര്‍ എന്ന് വിശേഷിപ്പിച്ചുള്ള കെആര്‍കെയുടെ പോസ്റ്റും വിവാദമായിരുന്നു. അഴിമതിക്കാരനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കോഹ്‌ലി, രവി ശാസ്ത്രിയെ പോലുള്ള ഒരു അഴിമതിക്കാരനെ പരിശീലകനാക്കാനാകും ഇഷ്ടപ്പെടുക എന്നായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്.

DONT MISS
Top