ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : തുച്ഛമായ വരുമാനമായതിനാല്‍ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാതെ വലയുന്ന ബ്രാഹ്മണ പൂജാരിമാര്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് തെലുങ്കാന സര്‍ക്കാര്‍. ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ‘കല്യാണമസ്തു’ എന്ന പേരില്‍ മൂന്ന് ലക്ഷം രൂപ നല്‍കും എന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിനു പുറമെ വിവാഹ ചിലവുകള്‍ക്കായി ഒരു ലക്ഷം രൂപ വേറെയും നല്‍കും.

ബ്രഹ്മണരായ പൂജാരിയെ വിവാഹം കഴിക്കാന്‍ തെലുങ്കാനയിലെ യുവതികള്‍ തയ്യാറാകാറില്ല. ഇവര്‍ക്ക് കുറഞ്ഞ ശമ്പളം മാത്രമാണ് ലഭ്യമാകുന്നത് എന്നതാണ് ഇതിന്റെ കാരണം. പെണ്‍കുട്ടികളെ കിട്ടാത്തതിനാല്‍ മിക്ക പൂജാരിമാരും ഇപ്പോള്‍ അവിവാഹിതരായാണ് കഴിയുന്നത്. ഇത് പലപ്പോഴും ഇവരുടെ കുടുംബം തന്നെ അന്യം നിന്നു പോകുന്നതിന് കാരണമാകുന്നു.

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിയാല്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുമെന്ന ചിന്തയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.ഇത് പൂജാരിമാര്‍ക്ക് സഹായകമാവുകയും ചെയ്യും. ധനസഹായം എന്ന ആകര്‍ഷണത്തില്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തല്‍.ബ്രാഹ്മണരായ പൂജാരിമാര്‍ക്ക് മക്കളെ വിവാഹം ചെയ്തു നല്‍കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ വധൂവരന്മാരുടെ മുഴുവന്‍ വിവരങ്ങള്‍ നല്‍കികൊണ്ടുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് വേണ്ടത്.

നവംബറോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. വിവാഹം കഴിക്കുന്ന വധൂവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നത്.

DONT MISS
Top