‘മറുവാര്‍ത്തൈ’ സംഗീതം ചെയ്ത മിസ്റ്റര്‍ എക്‌സ് ആരെന്ന് ഗൗതം മേനോന്‍ വെളിപ്പെടുത്തി; ഗാനത്തിന്റെ പുതിയ വെര്‍ഷനും പുറത്ത്‌

ഗൗതം വസുദേവ് മേനോന്‍ ‘എന്നൈ നോക്കി പായും തോട്ടൈ’ എന്ന തന്റെ പുതിയ ചിത്രത്തിലെ സംഗീത സംവിധായകന്‍ ആരെന്ന് ഇതുവരെ രഹസ്യമാക്കിവച്ചിരുന്നു. ‘മറുവാര്‍ത്തൈ പേസാതെ’ എന്ന ഗാനം ഇതിനോടകം രണ്ടുകോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞിട്ടും ഈ ഗാനത്തിന്റെ സൃഷ്ടാവ് വെളിപ്പെട്ടില്ല. എന്തായാലും മിസ്റ്റര്‍ എക്‌സ് എന്ന് വിളിക്കപ്പെട്ട ഇതിന്റെ സംഗീത സംവിധായകനെ ഗൗതം മേനോന്‍ അവസാനം വെളിപ്പെടുത്തിയിരിക്കുന്നു.

ഗൗതം വെളിപ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതുപോലെ ഇന്ന് ദീപാവലി ദിനത്തിലാണ് വെളിപ്പെടുത്തലുണ്ടായത്. ഇതൊടൊപ്പം മറുവാര്‍ത്തൈ പേസാതെ എന്ന ഗാനത്തിന്റെ പുതിയ വെര്‍ഷനും പുറത്തുവന്നിട്ടുണ്ട്. ദാര്‍ബുക ശിവയാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. എം ശശികുമാറിന്റെ കിടാരി എന്ന ചിത്രത്തിന് നേരത്തെ ദാര്‍ബുക ശിവ സംഗീതം നല്‍കി ശ്രദ്ധേയനായിരുന്നു. ശശികുമാറിന്റെതന്നെ ബല്ലെ വെള്ളൈയാത്തെവ എന്ന ചിത്രത്തിലും സംഗീതം ചെയ്തിട്ടുണ്ട്. തൊടരി എന്ന ധനുഷ് നായകനായ ചിത്രത്തിലുള്‍പ്പെടെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട് ഇദ്ദേഹം.

എആര്‍ റഹ്മാനോ ഹാരിസോ ഇളയരാജയോ ആകില്ല ഈ മിസ്റ്റര്‍ എക്‌സ് എന്ന് ഉറപ്പായിരുന്നുവെങ്കിലും ഇദ്ദേഹമാണ് സംഗീതം ചെയ്തതെന്ന് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഗൗതം മേനോനെ പോലെ ഒരു സംവിധായകന്‍ ദാര്‍ബുക ശിവയേപ്പോലെ ഒരു സംഗീത സംവിധായകന് അവസരം നല്‍കിയത് കഴിവ് മാത്രം മാനദണ്ഡമാക്കിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മറുവാര്‍ത്തൈ എന്ന ഗാനത്തില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ ശിവയ്ക്ക് സാധിക്കുകയും ചെയ്തു.

തന്റെ സിനിമകളിലെ ഗാനങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത സംവിധായകനാണ് ഗൗതം വസുദേവ് മേനോന്‍. ഹാരിസ് ജയരാജിനെ ഒരു സ്വതന്ത്ര സംഗീത സംവിധായകനാക്കിയതും വളര്‍ത്തിക്കൊണ്ടുവന്നതും ഗൗതമാണ്. ഹാരിസ് അല്ലെങ്കില്‍ എആര്‍ റഹ്മാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയും. ഇളയരാജയും അദ്ദേഹത്തിന്റെ ചിത്രത്തിനായി സംഗീതമൊരുക്കിയിട്ടുണ്ട്.

DONT MISS
Top