‘#ഗൗജ് ഔട്ട് ഡാ’: സഖാക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ സരോജ് പാണ്ഡേയ്ക്ക് കേരളം വക പൊങ്കാല തുടരുന്നു

സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്ക് കേരളത്തിന്റെ വക പൊങ്കാല തുടരുന്നു. മഹിള മോര്‍ച്ച മുന്‍ ദേശീയ അദ്ധ്യക്ഷകൂടിയായ സരോജ് പാണ്ഡേയ്‌ക്കെതിരെ ട്വിറ്റര്‍ വഴിയാണ് പുതിയ ഹാഷ്ടാഗ് പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് #ഗൗജ് ഔട്ട് ഡാ എന്ന പ്രയോഗമാണ് ഹാഷ്ടാഗ് തരംഗമായിരിക്കുന്നത്.

കറുത്ത ഗ്ലാസ് വെച്ച താരങ്ങളുടെ ചിത്രം സഹിതമാണ് ഹാഷ്ടാഗുകള്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നത്. നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയുമൊക്കെ ചിത്രങ്ങള്‍ ഹാഷ് ടാഗിനൊപ്പം പോസ്റ്റ് ചെയയ്‌പ്പെടുന്നുണ്ട്. കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് സംസ്ഥാനക്കാരും  ഗൗജ് ഡാ ഹാഷ് ടാഗുമായി രംഗത്തെത്തിയിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് ആക്രമണം തുടര്‍ന്നാല്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ബിജെപിക്ക് മടിയില്ലെന്നായിരുന്നു സരോജ് പാണ്ഡേയുടെ പ്രസ്താവന. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐഎം ഓര്‍ക്കണമെന്നും മഹിള മോര്‍ച്ച മുന്‍ ദേശീയ അദ്ധ്യക്ഷകൂടിയായ സരോജ് പാണ്ഡേ പറഞ്ഞു. പ്രസ്താവന വന്നയുടനെ മലയാളികളുടെ കടുത്ത രോഷമാണ് സരോജിന് നേരിടേണ്ടിവന്നത്. സരോജ് പാണ്ഡേയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാല തീര്‍ത്തു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഹാഷ്ടാഗുമായി ട്വിറ്ററിലും പ്രതിഷേധം ശക്തമായിരിക്കുന്നത്.

DONT MISS
Top