ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: യുഎന്നില്‍ ഭീഷണിയുമായി ഉത്തരകൊറിയ

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈനിക നേതൃത്വത്തിനൊപ്പം

യുണൈറ്റഡ്നേഷന്‍സ്: ലോകത്ത് എതു നിമിഷവും ആണവ യുദ്ധം പുറപ്പെടാമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങ്. യുഎന്‍ ജനറല്‍ അസംബ്ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് ഉത്തരകൊറിയന്‍ പ്രതിനിധിയുടെ മുന്നറിയിപ്പുണ്ടായത്.

അമേരിക്കയില്‍ നിന്ന് ഏറ്റവും അധികം ഭീഷണി നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ. തങ്ങളുടെ രാജ്യംപോലെ അമേരിക്കന്‍ ഭീഷണിയുണ്ടായ മറ്റൊരു രാജ്യം ലോകത്തില്ലെന്നും റിയോങ് പറഞ്ഞു. 1970 മുതല്‍  രാജ്യം ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും തങ്ങള്‍ക്കുണ്ടെന്നും ഉത്തരകൊറിയന്‍ പ്രതിനിധി പറഞ്ഞു.ആണവ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ അമേരിക്ക എല്ലാവര്‍ഷവും സേനാഭ്യാസവും നടത്താറുണ്ട്. തങ്ങളുടെ നേതാവിനെ ഉന്മൂലനം ചെയ്യാനായി രഹസ്യമായി അമേരിക്ക പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും റിയോങ് ആരോപിച്ചു.

ആറ്റംബോംബ്, ഹൈഡ്രജന്‍ ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങള്‍ ഉത്തര കൊറിയ സ്വന്തമാക്കിയിട്ടുണ്ട്.  അമേരിക്കയുടെ മുഴുവന്‍ മേഖലയും തങ്ങളുടെ വിരല്‍ത്തുമ്പിലാണ്. പാവനമായ ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ രക്ഷപെടാനാവാത്ത വിധം അമേരിക്കയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് റിയോങ് ഭീഷണി മുഴക്കി.

അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തി നില്‍ക്കുന്ന പരസ്പരമുള്ള പോര്‍വിളിയില്‍ അവസാനത്തേതാണ് ഉത്തരകൊറിയന്‍ പ്രതിനിധി യുഎന്നില്‍ നടത്തിയിരിക്കുന്നത്.

DONT MISS
Top