പനാമ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ഫയല്‍ ചിത്രം

വലേറ്റ : പനമ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ച മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കറുന ഗലീസിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ മാള്‍ട്ടയിലെ ബിഡ്‌നിയ ഗ്രാമത്തിവെ വീട്ടിലേക്ക് പോകുമ്പോഴാണ് ഗലീസിയയുടെ കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് കാര്‍ ഛിന്നഭിന്നമായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ഗലീസിയയുടെ കാര്‍ റോഡില്‍ നിന്നും സമീപത്തെ വയലിലേക്ക് തെറിച്ചുപോയി. സ്ഫോടനശബ്ദം സമീപത്തെ വീട്ടിലുണ്ടായിരുന്ന ഗലീസിയയുടെ മകന്‍ കേട്ടതായും ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പനാമ രേഖകളുമായി ബന്ധപ്പെട്ട് മാള്‍ട്ടയിലെ രാഷ്ട്രീയ പ്രമുഖരുടെ അടക്കം സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയാണ് 53 കാരിയായ ഗലീസിയ. മാള്‍ട്ട ഊര്‍ജ്ജമന്ത്രി കോണ്‍റാഢ് മിസ്സി, സര്‍ക്കാര്‍ ചീഫ് ഓഫ് സ്റ്റാഫ് കീത്ത് ഷെംബ്രി എന്നിവര്‍ക്ക് സ്വന്തം കമ്പനികളുണ്ടെന്ന് 2016 ല്‍ പനാമ രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1996 മുതല്‍ മാള്‍ട്ട ഇന്‍ഡിപെന്‍ഡന്റ് എന്ന പത്രത്തില്‍ ദ്വൈവാര പംക്തിയും അവര്‍ എഴുതിയിരുന്നു.

സ്‌ഫോടനമുണ്ടാകുന്നതിന് അര മണിക്കൂര്‍ മുന്‍പും മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റിന്റെ ഭാര്യ മഷേലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു ലേഖനം അവര്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. മിഷേലിന്റെ ഉടമസ്ഥതയില്‍ അനധികൃതമായി കമ്പനിയുണ്ടെന്നും, ഊര്‍ജ്ജമന്ത്രി, സര്‍ക്കാര്‍ ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ വന്‍തോതില്‍ പണം കമ്പനിയിലേക്ക് വഴിമാറ്റിയതായും ഗലീസിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

നോക്കുന്ന എവിടെയും വക്രതയും അഴിമതികളുമാണ്. സാഹചര്യം വളരെ നിരാശകരമാണെന്നും ലേഖനത്തിന്റെ അവസാനം ഗലീസിയ അഭിപ്രായപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഗലീസിയ ഭയപ്പെട്ടിരുന്നു. തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പ് ഗലീസിയ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

ഗലീസിയയുടെ കൊലപാതകത്തെ മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് അപലപിച്ചു. സംഭവം അങ്ങേയറ്റം പൈശാചികമായ നടപടിയാണ്. വ്യക്തിപരമായും രാഷ്ട്രീയമായും തന്നെ തുറന്നെതിര്‍ത്തിട്ടുള്ള വ്യക്തിയാണ് ഗലീസിയ. എങ്കിലും അവരോട് അങ്ങേയറ്റത്തെ ബഹുമാനം പുലര്‍ത്തിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും, കൊലപാതകത്തിനെതിരേ രാജ്യം ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗലീസിയയുടെ കൊലപാതകികളെ കണ്ടെത്താന്‍ അമേരിക്കയുടെയും എഫ്ബിഐയുടെയും സഹായം തേടുമെന്നും മാള്‍ട്ട പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് മാള്‍ട്ട പ്രതിപക്ഷനേതാവ് അഡ്രിയാന്‍ ഡെലിയ ആരോപിച്ചു. സത്യം തേടിയതിന് ഒരു ജേര്‍ണലിസ്റ്റിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി അഭിപ്രായപ്പെട്ടു.

DONT MISS
Top