ഓരേ സമയം ബയോളജി പഠിച്ചത് 1049 വിദ്യാര്‍ത്ഥികള്‍; തേടിയെത്തിയത് ഗിന്നസ് റെക്കോഡ്

ഗിന്നസ് റെക്കോര്‍ഡുമായി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ചെന്നെ : ഉറക്കം തൂങ്ങാതെ തുടര്‍ച്ചയായി ക്ലാസില്‍ ഇരിക്കുക, പല വിദ്യാര്‍ത്ഥിക്കും വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. ഇടയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കുക, അല്ലെങ്കില്‍ ക്ലാസില്‍ ഇരുന്ന് എന്തെങ്കിലും കോപ്രായം കാണിക്കുക എന്നത് മിക്ക വിരുതന്‍മാരുടെയും പ്രധാന വിനോദമാണ്. എന്നാല്‍ ഉറങ്ങാതെ ഒന്ന് ശ്രദ്ധതെറ്റാതെ 1049 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ബയോളജി ക്ലാസില്‍ ഇരുന്നപ്പോള്‍ ഗിന്നസ് റെക്കോര്‍ഡാണ് അവരെ തേടിയെത്തിയത്.

ചെന്നൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ഭാഗമായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒരുമിച്ച് പങ്കെടുത്ത ബയോളജി ക്ലാസെന്ന റെക്കോഡാണ് ഇവര്‍ സ്വന്തമാക്കിയത്.

പപ്പായയില്‍ നിന്നും ഡിഎന്‍എ വേര്‍തിരിക്കുന്നതെങ്ങനെയെന്ന പരീക്ഷണവും മറ്റു ബയോളജി പാഠങ്ങളുമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യാപകര്‍ പകര്‍ന്നു നല്‍കിയത്. 90 മിനുട്ടായിരുന്നു ക്ലാസുകള്‍ ഉണ്ടായിരുന്നത്. ക്ലാസില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ, അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ വീക്ഷിക്കാന്‍ 30 തോളം ഉദ്യോഗസ്ഥരെയും ഗിന്നസ് നിയോഗിച്ചിരുന്നു.

ഒരു കുട്ടി ശ്രദ്ധിക്കാതിരിക്കുകയോ ഉറങ്ങുകയോ ചെയ്താല്‍ ഗിന്നസ് റെക്കോര്‍ഡ് നഷ്ടമാകും എന്ന് ക്ലാസ് തുടങ്ങുന്നതിനുമുന്‍പെ ഗിന്നസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ റെക്കോര്‍ഡ് ലഭിച്ച വിവരം ഗിന്നസ് വിധികര്‍ത്താവായ സ്വപ്‌നില്‍ ദാന്‍ഗരികാര്‍ അറിയിക്കുകയായിരുന്നു.

DONT MISS
Top