മലിനീകരണം ഇല്ലാത്ത പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയണം: പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഫയല്‍ ചിത്രം

ദില്ലി: മലിനീകരണ മുക്തമായ പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ശാസ്ത്രഞ്ജരോട് ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. അങ്ങനെയാണെങ്കില്‍ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമില്ലാതെ ദീപാവലി ആഘോഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഗേറ്റില്‍ വെച്ചുനടന്ന റണ്‍ ഫോര്‍ ക്ലീന്‍ എയര്‍ മിനി മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ അന്താരാഷ്ട്ര സയന്‍സ് ഫെസ്റ്റിവലില്‍ ഞങ്ങള്‍ നമ്മുടെ ശാസ്ത്രഞ്ജരോട് പറഞ്ഞിരുന്നതാണ് മലിനീകരണ മുക്തമായ പടക്കങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കാന്‍. അത്തരത്തില്‍ ഒരു മാറ്റം നടന്നിരുന്നെങ്കില്‍ ജനങ്ങളുടെ ആരോഗ്യത്തിനും വ്യാപാരികളുടെ കച്ചവടത്തിനും ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകുമായിരുന്നില്ല,” ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ പടക്ക വില്‍പ്പന നിരോധിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പരിസ്ഥിതി മന്ത്രിയുടെ പ്രതികരണം.

പ്രദേശവാസികളെയും വിന്‍പ്പനക്കാരെയും നിരാശരാക്കിക്കൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് സുപ്രിം കോടതിയുടെ വിധി പുറത്തുവന്നത്. തീരുമാനത്തില്‍ അനുകൂല നിലപാടായിരുന്നില്ല തലസ്ഥാനത്തും സമീപ പ്രദേശത്തും ഉയര്‍ന്നുവന്നത്. ‘എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു പരിഹാരം ഞങ്ങള്‍ കണ്ടെത്തും. എല്ലാവര്‍ക്കും സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാന്‍ എന്നാല്‍ മാത്രമേ സാധിക്കു. കുട്ടികള്‍ക്ക് അവരുടെ പ്രിയപ്പെട്ട പടക്കങ്ങള്‍ ആസ്വദിക്കാന്‍ കഴിയണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തിലാണ് റണ്‍ ഫോര്‍ ക്ലിയര്‍ എയര്‍ മാരത്തോണ്‍ പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയതെന്നും ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു. വായു മലിനീകരണം തടയുന്നതിനും ഗുണം ഉറപ്പുവരുത്തുന്നതിനുമുള്ള ശക്തമായ സന്ദേശം നല്‍കുകയാണ് മാരത്തോണിന്റെ ലക്ഷ്യം. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയും മാരത്തോണില്‍ പങ്കെടുത്തിരുന്നു.

DONT MISS
Top