ഉറച്ച നിലപാടുകളും കപടസദാചാരത്തിനെതിരായ പോരാട്ടവുമായി ‘ഏക’; ആദ്യ ട്രെയിലര്‍ പുറത്തുവന്നു

ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ വന്നപ്പോള്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഏക എന്ന ചിത്രം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഷൂട്ടിംഗ് ആരംഭിച്ചപ്പോഴേ ചിത്രം പറയുന്ന വിഷയവും ചിത്രത്തിന്റെ ചില പ്രത്യേകതകളുമെല്ലാം ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന ട്രെയിലറും ചിത്രത്തിന്റെ പ്രത്യേകതകളും നിലപാടും വിളിച്ചോതുന്നതാണ്. മറയില്ലാത്ത ഉടലുകളും ലൈംഗികതയും സൗഹൃദക്കാഴ്ച്ചകളും മുന്‍നിര്‍ത്തി സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ ചിത്രത്തില്‍ സംവിധായകന്‍ തുറന്നുകാട്ടുന്നു.

രണ്ട് സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കുമോ എന്നുള്ള ആശങ്ക ഏകയിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന രഹന ഫാത്തിമ പങ്കുവയ്ക്കുന്നു. ട്രെയിലര്‍ പുറത്തുവിട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് രഹന ഇത്തരത്തിലുള്ള ഒരു സംശയം പങ്കുവയ്ക്കുന്നത്. എന്നാല്‍ സിനിമ ഏവരുടേയും അവകാശമാണെന്നും അതിനെ ഒരു ഭരണകൂടത്തിനും തകര്‍ക്കാനാവില്ലെന്നും അവര്‍ കുറിച്ചു.

കിംഗ് ജോണ്‍സാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മനോജ് കെ ശ്രീധര്‍ നിര്‍മിക്കുന്ന ചിത്ത്രതിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടോണി ലോയ്ഡ് ആറുജയാണ്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും സെന്‍സര്‍ബോര്‍ഡ് ഈ ചിത്രത്തെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യുക എന്നതിനെ ആശ്രയിച്ചാകും റിലീസ്. സെന്‍സര്‍ബോര്‍ഡ് അനാവശ്യമായി വച്ചുപുലര്‍ത്താറുള്ള കപട സദാചാര നിലപാടുകള്‍ ചിത്രത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയാണ് ചിത്രത്തിന്റെ റിലീസ് വൈകുമോ എന്ന അണിയറപ്രവര്‍ത്തകരുടെ ആശങ്കയ്ക്ക് കാരണം.

DONT MISS
Top