ബംഗളുരുവില്‍ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ബംഗളുരു: ബംഗളുരുവില്‍ ജനജീവിതം ദുസ്സഹമാക്കി മൂന്നാം ദിവസവും കനത്ത മഴ നിര്‍ത്താതെ പെയ്യുന്നു. ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് മരിച്ചത്. വെള്ളം ശക്തിയായി അടിച്ചുകയറി പല വീടുകളും നിലം പൊത്തി. വീടിന്റെ ചുമരിടിഞ്ഞുവീണും ഒഴുക്കില്‍പ്പെട്ടുമൊക്കെയായി നിരവധി പേരാണ് അപകടാവസ്ഥയില്‍ കഴിയുന്നത്.

മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ബംഗളുരുവിലെ കുറുബാരഹള്ളിയിലാണ്. വെളളിയാഴ്ച വൈകുന്നേരം രണ്ട് മണിക്കൂര്‍ നേരം നിര്‍ത്താതെ പെയ്ത മഴയില്‍ മൂന്നു പേരാണ് ഇവിടെ മരിച്ചത്.  മഴയില്‍ കാണാതായ അമ്മയെയും മകളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.വെള്ളപ്പൊക്കത്തില്‍ കാല്‍ വഴുതി കനാലില്‍ വീണതാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലത്ത് ദുരിതാശ്വസ പ്രവര്‍ത്തകരും രക്ഷാസേനയുമൊക്കെ ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെയും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വീതം ബിജെപി സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു.

പൊതുവേ തകര്‍ന്ന് കുഴികള്‍ നിറഞ്ഞ റോഡുകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിരുന്നു. കനത്ത മഴ തുടരുന്നതോടെ റോഡ് ഗതാഗതം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ശക്തിയായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ ഇരുന്നൂറോളം വീടുകളാണ് വെള്ളത്തിലായത്. നേരത്തേ റോഡിലെ കുഴികള്‍ കാരണം അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന പ്രദേശത്ത് മഴ കൂടി നാശം വിതച്ചതോടെ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പത്തോളം പേരാണ് ഇവിടെ മരിച്ചത്.

അപകടവസ്ഥയിലായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനും മഴവെള്ള കനാലിലെ കയ്യേറ്റം ഒഴിപ്പിക്കാനുമുള്ള നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും.

DONT MISS
Top