അണ്ടര്‍ 17 ലോകകപ്പ് : ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം; പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

ഇംഗ്ലണ്ട് ടീമിന്റെ ആഹ്ലാദം

ദില്ലി : ഫിഫ അണ്ടര്‍ 17 ഫൂട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് ഇയില്‍ സമ്പൂര്‍ണ വിജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ നാലു ഗോളിനാണ് ഇംഗ്ലണ്ട് ഏഷ്യന്‍ കരുത്തരായ ഇറാഖിനെ തകര്‍ത്തത്. തോറ്റെങ്കിലും 4 പോയിന്റോടെ ഇറാഖ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ചിലി – മെക്‌സികോ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. സമനില കുരുക്കില്‍പ്പെട്ടെങ്കിലും മെക്‌സികോ അവസാന പതിനാറിലേക്ക് മുന്നേറി. രണ്ട് മത്സരങ്ങള്‍ തോറ്റ ചിലി നേരത്തെ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പ് ഇയില്‍ നിന്നും ഫ്രാന്‍സും ജപ്പാനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഹോണ്ടുറാസിനെ ഒന്നിന് എതിരെ 5 ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ഫ്രാന്‍സ് അവസാന പതിനാറിലേക്ക് മുന്നേറിയത്. ഫ്രാന്‍സിന് വേണ്ടി അലക്‌സിസ് ഫ്‌ലിപ്‌സ് രണ്ട് ഗോളുകള്‍ നേടി.

ന്യൂ കാലിഡോണിയക്ക് എതിരെ 1-1 ന് സമനില വഴങ്ങിയെങ്കിലും, നാലു പോയിന്റോടെ ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റിലെ ഏക ഹാട്രിക് നേടിയ കെയ്‌റ്റോ നകാമുറ ഏഴാം മിനുട്ടില്‍ ജപ്പാനെ മുന്നിലെത്തിച്ചു.

എന്നാല്‍ കളി അവസാനിക്കുന്നതിന് ഏഴു മിനുട്ട് അവശേഷിക്കെ ജേക്കബ് ജെനോയിലൂടെ ന്യൂ കാലിഡോണിയ സമനില ഗോള്‍ നേടി. ആദ്യ ലോക ടൂര്‍ണമെന്റിനെത്തിയ ന്യൂ കാലിഡോണിയ, ആദ്യ പോയിന്റ് നേടി തലയുയര്‍ത്തിയാണ് മൈതാനം വിട്ടത്.

DONT MISS
Top