ഇതരസംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്താന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു

ഇതരസംസ്ഥാന തൊഴിലാളികള്‍ (ഫയല്‍ചിത്രം)

കോഴിക്കോട്: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ഇവിടെ വ്യപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. കേരളത്തില്‍ ജോലിക്കായി എത്തിയ കര്‍ണാടക സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഇപ്പോള്‍ ബംഗളുരുവിലുള്ള ഇയാളെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും.

കേരളത്തില്‍ എത്തുന്ന വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ ഇവിടെ വ്യാപകമായി ആക്രമണത്തിനിരയാകുന്നുവെന്നും ചിലര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. വ്യാജവാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഏകെ ഭയചകിതരായി. നാട്ടിലെ ബന്ധുക്കളും ജോലി നിര്‍ത്തി തിരിച്ചുപോരാന്‍ അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധിക്കുകയും ചെയ്തു.

കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവരുടെ പരിചയക്കാരുടെയും ഇടയിലാണ് വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതേതുടര്‍ന്ന് കോഴിക്കോട് മേഖലയില്‍ നിന്ന് മാത്രം 600 ഇതരസംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. പശ്ചിമബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് കൂട്ടത്തോടെ മടങ്ങിയത്. ഇതേതുടര്‍ന്ന് അന്യസംസ്ഥാന ജീവനക്കാര്‍ ജോലി ചെയ്തിരുന്ന ഹോട്ടലുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.

വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ ഭീതിയിലാകേണ്ട യാതൊരു സാഹചര്യവും കേരളത്തില്‍ ഇല്ലെന്നും വ്യാജപ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് പൊലീസിലെ സൈബര്‍ സെല്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളത്തില്‍ ജോലി ചെയ്യുന്ന കര്‍ണാടകക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് സംഭവത്തിലെ മുഖ്യപ്രതിയെന്ന് വ്യക്തമായത്.

അതേസമയം, പൊലീസ് അന്വേഷണം ശക്തമായതോടെ വ്യാജപ്രചാരണത്തിന് കുറവ് വന്നെന്നും തൊഴിലാളികള്‍ കൂട്ടത്തോടെ നാട് വിടുന്ന സാഹചര്യത്തിന് മാറ്റം വന്നെന്നും ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

DONT MISS
Top