ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ കേസില്‍ അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

മുംബൈ: ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍. മുംബൈ ഡോംബിവ്‌ലിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം.  ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കെട്ടിടത്തില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. കഴുത്തറുത്ത രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മാതാ മന്ദിര്‍ ബാനര്‍ജി (20), അമ്മ ശാന്ത(45), പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന രണ്ട് യുവാക്കള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി അവിവാഹിതയാണ്.

ഞായറാഴ്ച സായ് സിദ്ധി പാര്‍ക്കിലെ അന്തേവാസികള്‍ കെട്ടിടത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് പ്ലാസ്സിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്‍പാഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം താന ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇരുപതികാരിയായ പെണ്‍കുട്ടി ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരുമായി അടുപ്പത്തിലായ സമയത്ത് ഗര്‍ഭിണിയായി. ശനിയാഴ്ചയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവം മറയ്ക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയും അമ്മയുമാണ് കൊലപാതകം നടത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത ശേഷം ബാഗില്‍ കെട്ടി കെട്ടിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

അന്വേഷണത്തില്‍ സായ് സിദ്ധി പാര്‍ക്കിലെ അന്തേവാസികളില്‍ ഒരു യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തൃപ്തികരമായ ഉത്തരമല്ല പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്ന് രണ്ട് ചെറുപ്പക്കാരും പറഞ്ഞു. ഇവരെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

DONT MISS
Top