‘നിന്റെ കാറ്റും പൊട്ടും’: കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് ആസിഫ് അലി

വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ആസിഫ് അലി, മുരളി ഗോപി ചിത്രം കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആസിഫ് അലി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു ആസിഫ് അലി. ആരാധകരുമായി സിനിമയുടെ വിശേഷം പങ്കുവെക്കുന്നതിനിടയിലായിരുന്നു സിനിമയെ കളിയാക്കി ഒരാള്‍ കമന്റിട്ടത്. തന്നെ കളിയാക്കിയ വ്യക്തിയോട് വളരെ ശാന്തമായാണ് ആസിഫ് പ്രതികരിച്ചത്.

”ഒരു സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അതിനെ ഫെയ്‌സ്ബുക്കില്‍ വന്ന് പോസ്റ്റമാര്‍ട്ടം ചെയ്യരുതെന്നും, ഇത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇറങ്ങിയ സമയത്തും താന്‍ പറഞ്ഞതാണെന്നും ആസിഫ് പറയുന്നു. സിനിമ എന്നത് വിനോദത്തിനുള്ളതാണ്. നമുക്കിഷ്ടപ്പെടാത്ത സിനിമകള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. അവര്‍ക്ക് കാണാനുള്ള ആവസരം നാം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടതെന്നും ആസിഫ് അലി പറയുന്നു.

സിനിമയ്ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും ചിലര്‍ക്ക് അത് സന്തോഷം നല്‍കുന്നുണ്ടാകും. അതിന് എല്ലാവര്‍ക്കും അവസരം ഉണ്ടാക്കികൊടുക്കണം .വ്യത്യസ്തമായ ചിത്രമാണ് കാറ്റെന്നും, പ്രത്യേക കാലഘട്ടം പറയുന്നതുകൊണ്ടുതന്നെ ഇത് അവാര്‍ഡ് സിനിമയല്ലെന്നും ആസിഫ് അലി പറഞ്ഞു. സിനിമ എല്ലാവരും കാണണമെന്നും നല്ല സിനിമയാക്കണമെന്നും, കാറ്റ് ആഞ്ഞുവീശട്ടെയെന്നും ആസിഫ് അലി പറയുന്നു”

അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അന്തപത്മനാഭന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘കാറ്റ്’ .അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.

ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നുമാണ് സിനിമയെക്കുറിച്ച് മുരളി ഗോപി പറഞ്ഞത്.

DONT MISS
Top