ബ്ലൂവെയില്‍ വ്യാപനം: അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് സുപ്രിംകോടതി

പ്രതീകാത്മക ചിത്രം

ദില്ലി: ലോകത്തിന്  മുഴുവന്‍ ഭീഷണിയായി നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിം ബ്ലൂവെയില്‍ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി. ബ്ലൂവെയില്‍ ഗെയിമിന്റെ വ്യാപനത്തെക്കുറിച്ച് അന്വേഷണം നടത്തണം. ഗെയിമിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലോകമെമ്പാടുമുള്ള നിരവധി കുട്ടികളെ മരണക്കുരുക്കില്‍ ചാടിച്ച ബ്ലൂവെയില്‍ പോലെയുള്ള അപകടകരമായ ഗെയിമുകള്‍ നിരോധിക്കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി ബ്ലൂവെയിലിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത് സംബന്ധിച്ച് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, വാട്ട്‌സാപ്പ് എന്നിവയോട് ഡല്‍ഹി കോടതി അഭിപ്രായം ആരാഞ്ഞിരുന്നു.

ഗെയിമിന്റെ അപകട സാധ്യത കണക്കിലെടുത്ത് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് വിദഗ്ധ സമിതിയെ രൂപീകരിക്കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗെയിമിനെ അനുകൂലിക്കുന്ന ഹര്‍ജികള്‍ പരിഗണിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ബ്ലൂവെയില്‍ തടയുന്നത് സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.

DONT MISS
Top