മക്കാവുവിനെ 4-1ന് തകര്‍ത്തു; എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം

ബാംഗ്ലൂര്‍: ബംഗളുരുവില്‍ പെയ്ത മഴയ്ക്കും ഇന്ത്യന്‍ വിജയം തടയാന്‍ കഴിഞ്ഞില്ല. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. മക്കാവുനെ 4-1ന് തകര്‍ത്താണ് യുഎഇയില്‍ വെച്ച് നടക്കുന്ന എഎഫ്‌സി കപ്പിന് ഇന്ത്യ യോഗ്യത നേടിയത്. ഇന്ത്യക്ക് വേണ്ടി റൗളിന്‍ ബോര്‍ഗസ്, സുനില്‍ ചേത്രി, ജെജെ ലാല്‍ പെഖ്വൂലെ എന്നിവര്‍ സ്‌കോര്‍ ചെയ്തു. നിക്കോളാസ് ടറോ മക്കാവുവിനായി ഗോള്‍ നേടി.

28-ാം മിനുട്ടില്‍ ബോര്‍ജസിലൂടെയായിരുന്നു തുടക്കം. ആദ്യപകുതിയില്‍ ഒരോ ഗോളുകളടിച്ച് സമനില പാലിച്ചശേഷമായിരുന്നു 4-1 ന്റെ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. ജാക്കി ചന്ദ് സിംഗിന് പകരമെത്തിയ ബല്‍വ്വന്ത് സിംഗ് മത്സരം കയ്യിലെടുത്തു. ബല്‍വ്വന്ത് സിംഗ് തന്നെയാണ് കളിയിലെ താരവും.

70-ാം മിനുട്ടില്‍ മക്കാവുവിന്റെ മാന്‍ ഫായ് ഹോ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇന്ത്യന്‍ ഗോള്‍പട്ടികയുടെ എണ്ണം കൂട്ടിയത്. തുടര്‍ച്ചയായ നാലാം വിജയവുമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത ഉറപ്പാക്കിയത്. ഇതോടെ അവര്‍ക്ക് 12 പോയിന്റായി. 2011 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ കപ്പില്‍ കളിച്ചത്.

DONT MISS
Top