റോഡിലെ കുഴിയില്‍ നിന്ന് രക്ഷപെടാന്‍ സ്കൂട്ടര്‍ വെട്ടിക്കുന്നതിനിടെ ട്രക്കിനടിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

അപകടത്തില്‍ മരിച്ച വീണ

ബംഗളൂരു : റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്കൂട്ടര്‍ വെട്ടിക്കുന്നതിനിടെ ട്രക്കിനടിയില്‍പ്പെട്ട് യുവതി മരിച്ചു. ഹൈദരാബാദിലെ ദേവനാഹള്ളിയിലാണ് സംഭവം നടന്നത്. ബംഗളുരു സ്വദേശിയായ വീണയാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലു പേരാണ് കര്‍ണ്ണാടകയില്‍ ഇത്തരത്തില്‍ മരിച്ചത്.

മൂത്ത സഹോദരിയുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുഴികണ്ട് വാഹനത്തിന്റെ വേഗത കുറച്ചു. ഈ സമയം പുറകിലെത്തിയ ട്രക്ക് ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് വീണു. ഉടനെ വീണയുടെ മുകളിലേക്ക് ട്രക്ക് കയറുകയും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരി ലക്ഷ്മിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

സംഭവം നടന്നയുടനെ തന്നെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഏറെ നേരം റോഡ് ഗതാഗതം തടസ്സെപ്പെടുത്തി. ഞാറാഴ്ച ഇതേ റോഡില്‍ രാജാ അജ്‌നാപ്പ എന്നയാളും മരിച്ചിരുന്നു. മരുമകന്റെ കൂടെ യാത്ര ചെയ്ത ഇയാള്‍ റോഡിലെ കുഴിവെട്ടിക്കുന്നതിനിടയ്ക്കായിരുന്നു മരിച്ചത്.

കുഴികള്‍ മൂലം അടിക്കടി ഉണ്ടാകുന്ന റോഡപകടങ്ങള്‍ തടയാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 15,000 കുഴികളാണ് ഇവിടെ നിലവിലുള്ളത്. 15 ദിവസത്തിനുള്ളില്‍ കുഴികള്‍ നികത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

DONT MISS
Top