മെസ്സി മാജിക്ക് ; ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിന്

ലയണല്‍ മെസ്സിയുടെ ആഹ്ലാദം

ക്വിന്റോ : മരണക്കളിയില്‍ ഇക്വഡോറിനെ തകര്‍ത്ത് മുന്‍ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് പറന്നത്. ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.


ലോകകപ്പ് യോഗ്യത നേടാനാകുമോ എന്ന കോടിക്കണക്കിന് ആരാധകരുടെ ആശങ്കകള്‍ക്കിടയിലാണ് ഇക്വഡോറിനെതിരെ ലാറ്റിനമേരിക്കന്‍ മേഖലയിലെ അവസാന മല്‍സരത്തിന് അര്‍ജന്റീന ബൂട്ടുകെട്ടിയത്. എന്നാല്‍ 12, 20, 62 മിനുട്ടുകളില്‍ ഇക്വഡോര്‍ വല കുലുക്കിയ മെസ്സി നീലപ്പടയെ ലോകകപ്പിലേക്ക് നയിച്ചു. വിജയത്തോടെ പതിനെട്ട് കളികളില്‍ നിന്ന് 28 പോയിന്റാണ് അര്‍ജന്റീന നേടിയത്.

വിജയം അല്ലെങ്കില്‍ മരണം എന്ന അവസ്ഥയില്‍ ഇറങ്ങിയ മുന്‍ചാമ്പ്യന്മാരെ മല്‍സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഇക്വഡോര്‍ ഞെട്ടിച്ചു. 38 ആം സെക്കന്റില്‍ ഇബാര റൊമീരോയാണ് അര്‍ജന്റീനന്‍ വല കുലുക്കിയത്. നിലയുറപ്പിക്കും മുമ്പ് നേടിയ ഗോളിന്റെ ഞെട്ടലില്‍ നിന്നും ക്ഷണനേരം കൊണ്ട് ഉണര്‍ന്ന അര്‍ജന്റീന പന്ത്രണ്ടാം മിനുട്ടില്‍ മെസ്സിയിലൂടെ ഒപ്പമെത്തി.


ഏയ്ഞ്ചല്‍ മരിയ നല്‍കിയ പാസ്സ് വലയിലേക്ക് തിരിച്ചുവിട്ടാണ് മെസ്സി അര്‍ജന്റീനയെ ഒപ്പമെത്തിച്ചത്. 20 അം മിനുട്ടില്‍ മെസ്സി ഇക്വഡോര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഇക്വഡോര്‍ വലയില്‍ വീണ്ടും പന്തെത്തിച്ച് ടീമിനെ മുന്നിലെത്തിച്ചു. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ 62 ആം മിനുട്ടില്‍ ഇക്വഡോര്‍ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ച് അര്‍ജന്റീനയുടെ വിജയവും ലോകകപ്പ് യോഗ്യതയും മെസ്സി ഉറപ്പാക്കി.

ക്ലബ്ബുകള്‍ക്കു വേണ്ടി തിളങ്ങുമ്പോഴും, രാജ്യത്തിന് വേണ്ടി മികവു പുലര്‍ത്തുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് മെസ്സിയുടെ ഗോളുകള്‍. ഇതോടെ ലോകകപ്പ് യോഗ്യത ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഞ്ചുതവണ ബാലണ്‍ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സിയ്ക്ക് സ്വന്തമായി.

സ്വപ്‌നതുല്യമായ വിജയത്തോടെ ലാറ്റിനമേരിക്കയില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. മേഖലയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. 31 പോയിന്റ് നേടിയ ഉറുഗ്വായ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, അവസാന മല്‍സരത്തില്‍ പെറുവുമായി സമനില വഴങ്ങിയ കൊളംബിയയും ലോകകപ്പ് യോഗ്യത നേടി.

പെറുവിന് ഇനി നവംബറില്‍ ന്യൂസിലന്‍ഡുമായി നടക്കുന്നപ്ലേ ഓഫ് മല്‍സര ഫലം അനുസരിച്ചിരിക്കും ലോകകപ്പ് യോഗ്യത. അവസാനമല്‍സരത്തില്‍ ബ്രസീലിനോട് ദയനീയമായി പരാജയപ്പെട്ട ചിലിയും, വെനസ്വേലയോട് തോറ്റ പരാഗ്വയും ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായി.

DONT MISS
Top