മാനസികരോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്വം: മുഖ്യമന്ത്രി

ഫയല്‍ ചിത്രം

തിരുവനന്തപുരംഛ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്തമാണുള്ളത് എന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പൊടും ഒക്‌ടോബര്‍ 10ന് ലോക മാനസികാരോഗ്യദിനം ആചരിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിനം മുന്നോട്ട് വയ്ക്കുന്ന വിഷയം.

ഒരാളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ജോലി സ്ഥലത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ അന്തരീക്ഷം തൊഴിലിടങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നമ്മുടെ രാജ്യത്ത് നടത്തിയ ഒരു പഠനത്തില്‍ കണ്ടത് സ്വകാര്യ-കോര്‍പറേറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരും വിഷാദത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ്. വിഷാദം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഓര്‍മിച്ചെടുക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നവരാണ്.

ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ ആവശ്യമാണെന്നത് പോലെ തന്നെ മാനസികരോഗങ്ങള്‍ക്കും ചികിത്സ ആവശ്യമാണ്. എന്നാല്‍ മാനസികരോഗത്തെ സംബന്ധിച്ച് സമൂഹത്തിന് പൊതുവേയുള്ള തെറ്റിധാരണ മൂലം മാനസികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ചികിത്സ തേടുന്നതില്‍ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ ഉത്തരവാദിത്വം ആണെന്ന കാഴ്ചപ്പാട് മാറ്റേണ്ടതുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്തമാണുള്ളത്.

തൊഴിലെടുക്കുന്നവരുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിന് വേണ്ടത്ര പരിഗണന നല്‍കുകയാണെങ്കില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ മാനസികാരോഗ്യ സൗഹൃദമാക്കാം. മാനസികപ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളെ പിന്തുണക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം തൊഴിലിടങ്ങളില്‍ ഉണ്ടാകണം. ഒഴിവു സമയങ്ങളില്‍ വിനോദത്തിനായുള്ള സൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ ഏര്‍പ്പെടുത്തണം. തൊഴില്‍ ചെയ്യുന്നവരുടെ സര്‍ഗവാസനകളും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുവാനും അതുവഴി തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും ശ്രമങ്ങളുണ്ടാകണം. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

DONT MISS
Top