‘വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ ഋതബ്രത ബാനര്‍ജിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്

ഋതബ്രത ബാനര്‍ജി

ദില്ലി : ആഡംബര ജീവിതവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ആരോപിച്ച് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നല്‍കി ഋതബ്രത തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നമ്രത ദത്ത എന്ന യുവതിയാണ് രംഗത്തെത്തിയത്.


ഋതബ്രതയുടെ ദില്ലിയിലെ ഫ്‌ളാറ്റില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പോലീസില്‍ പരാതി നല്‍കി. ദില്ലി സൗത്ത് അവന്യുവിലുള്ള 104ാം നമ്പര്‍ ഫ്‌ളാറ്റില്‍ വച്ചാണ് താന്‍ പീഡനത്തിന് ഇരയായത്. വിവാഹവാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി ആരോപിച്ചു.


വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു. നീതി തേടി മേനകാ ഗാന്ധി അടക്കമുള്ള നേതാക്കളെ ട്വിറ്ററില്‍ യുവതി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.


അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഋതബ്രത വ്യക്തമാക്കി.


കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഋതബ്രതയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. ആഡംബര ജീവിതം അടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഋതബ്രതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സിപിഐഎം നേതൃത്വം തീരുമാനിച്ചത്.

DONT MISS
Top