ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണമെന്ന് വ്യാജപ്രചാരണം; തൊഴിലാളികള്‍ നാടുവിടുന്നു, ഹോട്ടലുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നുവെന്ന് ഉടമകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ (ഫയല്‍ചിത്രം)

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ തിരിച്ചുപോയതിനെ തുടര്‍ന്ന് ഹോട്ടലുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും നിരവധിപേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം നടക്കുന്നത്. ഇതേതുടര്‍ന്ന് തങ്ങളുടെ ബന്ധുക്കളെ കേരളത്തിലേക്ക് ജോലിക്ക് അയക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സ്‌ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. ആത്മഹത്യ ചെയ്തവരുടെയും കേരളത്തിന് പുറത്തുനടന്ന സംഭവങ്ങളുമടക്കമുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.  വ്യാജപ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് അസോസിയേഷന്‍ കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍

ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കിടയിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫോണ്‍ ചെയ്യുന്നതായി ഇവിടെ തുടരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ പറയുന്നു. വ്യാജപ്രചരണങ്ങളില്‍ വിശ്വസിച്ചും ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നും ഇരുന്നൂറിലധികം പേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

DONT MISS
Top