ജിദ്ദയില്‍ കൊട്ടാരത്തിന് സമീപം തോക്കുധാരിയുടെ ആക്രമണം; മൂന്ന് മരണം

ജിദ്ദ നഗരം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയുമാണ് കൊല്ലപ്പെട്ടത്. ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരി നടത്തിയ വെടിവയ്പ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ അക്രമിയെയും സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. 

കാറിലെത്തിയ 28 വയസുകാരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ ബിന്‍ അലി ബിന്‍ അല്‍ ആംരി എന്ന സൗദി യുവാവാണ് ആക്രമണം നടത്തിയത്. കൊട്ടരത്തിന്റെ പടിഞ്ഞാറൻ ചെക്ക് പോസ്റ്റിലെത്തിയ ഇയാൾ കലാഷ്നിക്കോവ് തോക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

മർസൂറിന്റെ കാറിൽനിന്നു തോക്കുകളും ബോംബുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. വേനൽക്കാലത്ത് രാജകുടുംബം ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അൽ സലാം കൊട്ടാരമാണ്.

DONT MISS
Top