പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള ഓസ്‌ട്രേലിയന്‍ നിര്‍മ്മിത കയര്‍ കട്ടിലിന് വില 50,000 രൂപ; വില കേട്ട് കലി കേറിയ ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയക്കാരനെ ട്രോളിക്കൊന്നു

സിഡ്‌നി: ഒരു കാലത്ത് കേരളത്തിലെ വീടുകളില്‍ ഏറെ പരിചിതമായിരുന്ന ഒന്നായിരുന്നു കയര്‍ കട്ടിലുകള്‍. ചണത്തിന്റെ കയര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്തരം കട്ടിലുകള്‍ ഉപയോഗിക്കാന്‍ ഏറെ സുഖമാണെന്നതും നടുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവര്‍ക്ക് ചണത്തിന്റെ കയര്‍ ഉപയോഗിച്ചുള്ള കട്ടില്‍ കൂടുതല്‍ ഉപയോഗപ്പെടുമെന്നതും കയര്‍ കട്ടിലുകളെ ഒരുകാലത്ത് പ്രിയങ്കരമാക്കിയിരുന്നു.

എന്നാല്‍ കാലം മാറിയപ്പോള്‍ പഴയതെല്ലാം വിലയില്ലാത്തതായ കൂട്ടത്തില്‍ ഇത്തരം കട്ടിലുകളും ഇല്ലാതായി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം കട്ടിലുകള്‍ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ബാക്കി പത്രമെന്നോണം ഇത്തരം കട്ടിലുകള്‍ അവശേഷിക്കുന്നത്.

ആഡംബരങ്ങള്‍ക്ക് പുറകെ പോയപ്പോള്‍ വഴിയില്‍ തങ്ങള്‍ ഉപേക്ഷിച്ച പഴയ കയറു കട്ടിലിനെയോര്‍ത്ത് മലയാളികള്‍ നെഞ്ചത്ത് കൈവെച്ചു പോയ ഒരു പരസ്യമായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഓസ്‌ട്രേലിയക്കാരനായ ഡാനിയേല്‍ ബ്ലൂറാണ് കയര്‍ കട്ടിലുകള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കിയത്.

മേപ്പിള്‍ മരത്തിന്റെ തടിയില്‍ നിര്‍മ്മിച്ച പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള ഓസ്‌ട്രേലിയന്‍ നിര്‍മ്മിത കയര്‍കട്ടിലിന്റെ വില കേട്ടാണ് മലയാളികള്‍ വാപൊളിച്ചത്. 990 ഓസ്‌ട്രേലിയന്‍ ഡോളര്‍ അതായത് ഏതാണ്ട് 50,000 രൂപ. ഈ പണമുണ്ടാരുന്നേല്‍ മലയാളി ഐഫോണ്‍ 7 വാങ്ങിയേനെ.

ഡാനിയേല്‍ ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കയര്‍ കട്ടില്‍ ആദ്യമായി കാണുന്നത്. ഉപയോഗിച്ച് നോക്കിയപ്പോള്‍ കൂടുതല്‍ സുഖകരമാണെന്ന് തോന്നി. പിന്നീട് സിഡ്‌നിയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തമായി ഒരെണ്ണം നിര്‍മ്മിച്ച് സുഹൃത്തിന് നല്‍കുകയായിരുന്നു. ഇത് വിജയിച്ചതോടെ കട്ടില്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മേപ്പിള്‍ മരത്തിന്റെ തടിയാണ് കട്ടിലിനായി ഉപയോഗിക്കുന്നത്. ചണത്തിന്റെ കയര്‍ ഉപയോഗിച്ച് സ്വന്തമായി കൈകൊണ്ട് പാകിയാണ് കട്ടില്‍ നിര്‍മ്മിക്കുന്നത്. ആവശ്യപ്പെടുന്ന അളവില്‍ കട്ടില്‍ നിര്‍മ്മിച്ചു കൊടുക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. മരത്തിനും കയറിനുമായി പകുതിയോളം തുക ചെലവാകുമെന്നും ഒരു കട്ടില്‍ നിര്‍മ്മിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും ഡാനിയേല്‍ പറയുന്നു.

ഏതായാലും ഓസ്‌ട്രേലിയക്കാരനായ ഡാനിയേലിന്റെ പരസ്യം കണ്ട് ഹാലിളകിയിരിക്കുകയാണ് ഇന്ത്യക്കാര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരസ്യത്തിന് കിടിലന്‍ കമന്റുകള്‍ നല്‍കി ഡാനിയേലിന്റെ കട്ടവടം പൂട്ടിക്കാനുള്ള ശ്രമത്തിലാണ് പലരും. ഇതും വെറും തട്ടിപ്പ് പരിപാടിയാണെന്നും കട്ടിലിന് ഇന്ത്യയില്‍ ആയിരം രൂപയില്‍ താഴെ മാത്രമേ വിലയുള്ളുവെന്നും പലരും കമന്റ് ചെയ്തു. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചൊക്കെ പറയുന്നത് കട്ടില്‍ വലിയ വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടി മാത്രമാണെന്നും പലരും ആരോപിച്ചു.

എന്തായാലും പുതിയൊരു ഐഡിയ പയറ്റിനോക്കിയ ഡാനിയേലിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിലയില്ലാത്തതെന്ന് കരുതി തങ്ങള്‍ ഉപേക്ഷിച്ച കയര്‍ കട്ടില്‍ അന്യനാട്ടുകാരന്‍ വന്ന് വമ്പന്‍ വിലയ്ക്ക് വിറ്റ് കാശാക്കുന്നതു കണ്ടപ്പോഴുള്ള ചെറിയൊരു കുശുമ്പും പലര്‍ക്കുമുണ്ട്.

DONT MISS
Top