ബൈക്കിനൊപ്പം ആട് ഫ്രീ; കൂട്ട ബുക്കിംഗ് താങ്ങാനാകാതെ ഓഫര്‍ പിന്‍വലിച്ച് ഡീലര്‍ രക്ഷപെട്ടു

ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് നല്‍കിയ പരസ്യം

ചെന്നൈ: തന്റെ ഷോറൂമില്‍ നിന്ന് ബൈക്ക് വാങ്ങുന്നവരുടെ എണ്ണം കൂട്ടാനായി പുതിയ ഓഫര്‍ തന്ത്രവുമായി എത്തിയ ഹീറോ  ഡീലര്‍ ഒടുവില്‍ ഓഫറിലെ സമ്മാനം സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഓഫര്‍ പിന്‍വലിച്ചു തലയൂരി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഡീലര്‍മാരായ ഗായത്രി മോട്ടോഴ്‌സാണ് ഓഫര്‍ നല്‍കി പുലിവാല് പിടിച്ചത്.

ബുക്കിംഗ് കൂട്ടാനായി പുതിയ ഓഫറുമായി വന്ന ഗായത്രി മോട്ടോഴ്‌സിന് യഥാര്‍ത്ഥത്തില്‍ പിടിക്കേണ്ടിവന്നത് പുലിവാലായിരുന്നില്ല, ‘ആട് വാല്‍’ ആയിരുന്നു. തങ്ങളുടെ ഷോറൂമില്‍ നിന്ന് ഹീറോ ബൈക്കുകളോ സ്‌കൂട്ടറുകളോ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യമായി ആടിനെ നല്‍കുമെന്ന ഓഫറാണ് ഡീലറിനെ കുടുക്കിയത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെ തങ്ങളുടെ ഷോറൂമില്‍ നിന്ന് ഹീറോ ടൂ വീലറുകള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ആടിനെ ഫ്രീയായി നല്‍കുമെന്നായിരുന്നു ഓഫര്‍.

ഓഫര്‍ അറിഞ്ഞ് ഷോറൂം ഓഫീസിലേക്ക് ഫോണ്‍വിളിയുടെ തിരക്കായിരുന്നു. ആദ്യദിവസം മാത്രം നൂറിലധികം പേരാണ് ബൈക്ക് ബുക്ക് ചെയ്തത്. അടുത്തദിവസവും ബുക്കിംഗ് കൂടിയതോടെ ‘ഓഫര്‍’ പന്‍വലിക്കാന്‍ ഗായത്രി മോട്ടോഴ്‌സ് ഉടമ തീരുമാനിക്കുകയായിരുന്നു. ബുക്കിംഗ് എത്ര കൂടിയാലും അതനുസരിച്ച് ബൈക്ക് നല്‍കാനാകും. എന്നാല്‍ ആടുകളെ കൂട്ടത്തോടെ വാങ്ങി നല്‍കാന്‍ വഴി കാണാതായതോടെയാണ് ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ തീരുമാനിച്ചത്.

ആടിന് പകരം എളുപ്പം സംഘടിപ്പിക്കാന്‍ കഴിയുന്ന മറ്റെന്തെങ്കിലും ഓഫര്‍ നല്‍കാനാണ് ഗായത്രി മോട്ടോഴ്‌സിന്റെ തീരുമാനം.

DONT MISS
Top