പെറുവിനോടും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസില്‍

ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. പെറുവാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലായി.

വെനസ്വേലയോട് സമനില വഴങ്ങിയ കഴിഞ്ഞ മല്‍സരത്തില്‍ നിന്നും അഞ്ച് മാറ്റങ്ങളോടെയാണ് മുന്‍ ലോകചാമ്പ്യന്മാര്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. മുന്‍നിര സ്‌ട്രൈക്കര്‍ പൗലോ ഡൈബാളയെ പുറത്തിരുത്തി, മൗരോ ഇക്കാര്‍ഡിയയെയാണ് മെസ്സിക്കൊപ്പം ആക്രമണത്തിന് നിയോഗിച്ചത്.

ഡാരിയോ ബെനെഡേറ്റോ, എമിലിയോ റെഗോണി, മാര്‍ക്കസ് അക്യൂന എന്നിവരും ടീമില്‍ ഇടം നേടി. എന്നാല്‍ ഈ മാറ്റങ്ങളൊന്നും അര്‍ജന്റീന കോച്ച് യോര്‍ഗെ സാംപോളിയുടെ വിജയപ്രതീക്ഷകള്‍ സഫലമാക്കിയില്ല.

മല്‍സരത്തില്‍ അര്‍ജന്റീന മേധാവിത്വം നേടിയെങ്കിലും, ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലയണല്‍ മെസ്സി തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തായത് അര്‍ജന്റീനയുടെ വിധിയില്‍ നിര്‍ണായകമായി.

17 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോല്‍ 25 പോയിന്റോടെ അര്‍ജന്റീന ആറാംസ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ ലോകഫുട്‌ബോളര്‍ മെസ്സിക്കും സംഘത്തിനും നേരിട്ട് പ്രവേശനം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

യോഗ്യത നേടുന്നതിന് ഇനി ഒരു മല്‍സരം മാത്രമാണ് അര്‍ജന്റീനയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. ചൊവ്വാഴ്ച ക്വിന്റോയില്‍ ഇക്വഡോറിനെതിരെയാണ് അവസാന പോരാട്ടം. ഇക്വഡോറിന്റെ സ്വന്തം മൈതാനത്ത് അവര്‍ക്കെതിരെ വമ്പന്‍ മാര്‍ജിനിലുള്ള വിജയം മാത്രമേ മെസ്സിയ്ക്കും സംഘത്തിനും ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കൂ.

1970 ന് ശേഷം അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാതിരുന്നിട്ടില്ല. എന്നാല്‍ ഇത്തവണ അര്‍ജന്റീനന്‍ പട ലോകകപ്പില്‍ ആവേശം നിറയ്ക്കാന്‍ യോഗ്യത നേടുമോ എന്ന ആശങ്ക ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ട്. ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യ സ്ഥാനത്തെത്തുന്ന നാലുടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക.

ബ്രസീല്‍ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉറുഗ്വെ, ചിലി, കൊളംബിയ, പെറു ടീമുകളാണ് യഥാക്രമം നിലവില്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്ന് പ്ലേ ഓഫ് വഴി അഞ്ചാമതൊരു ടീമിനു കൂടി ലോകകപ്പിനെത്താം. വെനസ്വേലയ്ക്ക് പുറമെ പെറുവിനോടും സമനില വഴങ്ങിയതോടെയാണ് അര്‍ജന്റീനയുടെ പ്ലേ ഓഫ് സാധ്യതകളും തുലാസിലായത്.

ലാ ബൊംബനേരയില്‍ 1969ല്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പെറു ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അര്‍ജന്റീന പുറത്താകുകയും ചെയ്തു. ഈ ചരിത്രത്തിന്റെ വക്കിലാണ് അര്‍ജന്റീനന്‍ ടീം.

1985ല്‍ യോഗ്യതാമത്സരത്തില്‍ പെറുവിനെ പ്‌ളേ ഓഫിലേക്ക് തള്ളിവിട്ട് അര്‍ജന്റീന യോഗ്യത നേടി. അന്ന് അര്‍ജന്റീനയുടെ സമനിലഗോള്‍ നേടിയ റിക്കാര്‍ഡോ ഗാര്‍ഷ്യയാണ് ഇപ്പോള്‍ പെറുവിന്റെ കോച്ച്. 2009ല്‍ പെറുവിനെ 2-1 ന് തോല്‍പ്പിച്ചായിരുന്നു 2010 ലെ ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടിയത്.

DONT MISS
Top