ചാലക്കുടി കൊലപാതകം നടന്നത് എസ്പിയുടെ അറിവോടെ, സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ്

പിസി ജോര്‍ജ്ജ്

കൊച്ചി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലചെയ്യപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ആലുവ റൂറല്‍ എസ്പി അടക്കമുള്ളവര്‍ അറിഞ്ഞു നടത്തിയ കൊലപാതകമായതിനാല്‍ സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തയ്യാറാവണം. അഡ്വ ഉദയഭാനു വാദിച്ച കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷിക്കണമെന്നും കേരളത്തില്‍ ഇത്തരം കേസുകളിലെ കൊള്ളസംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഉദയഭാനുവാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

സെപ്തംബര്‍ 29 നാണ് രാജീവിനെ തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജീവിനെ പ്രതികള്‍ ഇവിടേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വസ്തു ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് രാജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

കേസില്‍ അഭിഭാഷകന്റെ പങ്കിനെ കുറിച്ച് തുടക്കം മുതല്‍ തന്നെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഉദയഭാനു തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാട്ടി രാജിവ് നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ രാജീവിന് ലോക്കല്‍ പൊലീസിന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു

എന്നാല്‍ രാജീവ് വധക്കേസുമായി  തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകന്‍ സിപി ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് വേണ്ടി നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു താനെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ഉദയഭാനു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേസിലെ മുഖ്യപ്രതികളായ ജോണി, രഞ്ജിത്ത് എന്നിവരുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിമാന്റ് റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങള്‍. ഉദയഭാനുവിന് കൂടി വേണ്ടിയാണ് രാജീവിനെ തട്ടിക്കൊണ്ട് പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതി ജോണിയും ഉദയഭാനുവും ചേര്‍ന്നാണ് രാജീവിനെ തട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതെന്ന് പിടിയിലായ മറ്റ് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട രാജീവുമായി ഉദയഭാനുവിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. രാജീവിന്റെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇത് വെളിവാക്കുന്നുണ്ട്. കൊലപാതകത്തെ കുറിച്ച് ഉദയഭാനുവാണ് ചാലക്കുടി ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ഇതും പ്രധാന തെളിവായി പൊലീസ് പരിഗണിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന ജോണി, സഹായി രഞ്ജിത് എന്നിവരെ ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപെടാനുള്ള നീക്കത്തിനിടെ പാലക്കാട് നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് നാലുപേരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

DONT MISS
Top