ചാലക്കുടി കൊലപാതകം: രാജീവിന്റെ വീട്ടിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കൊല്ലപ്പെട്ട രാജീവ്

തൃശൂര്‍ : ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടിലെ നിര്‍ണായക സിസി ടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാജീവിന്റെ വീട്ടില്‍ അഭിഭാഷകനായ സി പി ഉദയഭാനു പലതവണ വന്നതിന് തെളിവ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

രാജീവും അഭിഭാഷകനായ ഉദയഭാനുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നപ്പോഴുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് സൂചന. ഇരുവരും തമ്മില്‍ സൗഹൃദത്തോടെ ഇടപെടുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ശേഷമാകാം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തെറ്റിയതെന്നുമാണ് പൊലീസിന്റെ നിഗമനം.

പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉള്ളതായി ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളാണ് ഉദയഭാനുവിനെതിരെ മൊഴി നല്‍കിയത്.

രാജീവിനെ തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിന് കൂടി വേണ്ടിയാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ ഷൈജു, ജോണി, രഞ്ജിത്ത് എന്നിവരാണ് അഭിഭാഷകനെതിരെ മൊഴി നല്‍കിയത്. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്. മുഖ്യപ്രതി ചക്കര ജോണി അടക്കം കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെയെല്ലാം പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top