ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്ന് മരണം; റോഡുകള്‍ വെള്ളത്തിനടിയില്‍

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന  കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റോഡുകളെല്ലാം വെള്ളത്തിലായതോടെ ഗതാഗതവും താറുമാറായി.

നായിഡു നഗര്‍ സ്വദേശികളായ യാദുലു (56), അദ്ദേഹത്തിന്റെ എട്ടു മാസം പ്രായമായ കുഞ്ഞുമാണ് കനത്തമഴയില്‍ മതിലിടിഞ്ഞ് വീണ് മരിച്ചത്. ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. ഇരുവരും മതിലിനടിയില്‍ പെട്ടു, ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതാഘാതമേറ്റാണ് മറ്റൊരു മരണം. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

67.6 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ വൈകുന്നേരം മാത്രം നഗരത്തില്‍ ലഭിച്ചത്. മഴയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് മുകളിലൂടെ വരെ വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്.  പ്രദേശത്തെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

DONT MISS
Top