ചാലക്കുടി കൊലപാതകം: അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ മൊഴി

അങ്കമാലി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ മൊഴി. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളാണ് ഉദയഭാനുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. റിമാന്റ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതോടെ കേസില്‍ ഉദയഭാനുവിനെതിരെ കുരുക്ക് മുറുകിയിരിക്കുകയാണ്.

രാജീവിനെ തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിന് കൂടി വേണ്ടിയാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ ഷൈജു, ജോണി, രഞ്ജിത്ത് എന്നിവരാണ് അഭിഭാഷകനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.

കേസിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന ജോണി, സഹായി രഞ്ജിത് എന്നിവരെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപെടാനുള്ള നീക്കത്തിനിടെ പാലക്കാട് നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് നാലുപേരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്തംബര്‍ 30 നാണ് രാജീവിനെ തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജീവിനെ പ്രതികള്‍ ഇവിടേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വസ്തു ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് രാജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

കേസില്‍ അഭിഭാഷകന്റെ പങ്കിനെ കുറിച്ച് തുടക്കം മുതല്‍ തന്നെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഉദയഭാനു തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാട്ടി രാജിവ് നേരത്തെ പൊലീസിലും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.

DONT MISS
Top