പനാമ അഴിമതി : നവാസ് ഷെരീഫിന്റെ മക്കള്‍ക്കും മരുമകനും അറസ്റ്റ് വാറണ്ട്

നവാസ് ഷെരീഫിന്റെ മകള്‍ മറിയം, ഭര്‍ത്താവ് സഫ്ദര്‍, ഹുസൈന്‍, ഹസന്‍ എന്നിവര്‍

ഇസ്ലാമാബാദ് : പനാമ പേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്‍, ഹസ്സന്‍, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്ക് അറസ്റ്റ് വാറണ്ട്. പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസ് അടുത്ത തവണ പരിഗണിക്കുന്ന ഒക്ടോബര്‍ ഒമ്പതിന് ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നവാസ് ഷെരീഫിനെതിരായ കുറ്റം ചുമത്തുന്നത് കോടതി മാറ്റിവെച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനം പ്രഖ്യാപിക്കും.

നവാസ് ഷെരീഫ് കോടതിയില്‍ ഹാജരാകുന്നത് പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഷെരീഫിനൊപ്പം ഉണ്ടായിരുന്ന ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍, നിരവധി അഭിഭാഷകര്‍ തുടങ്ങിയവരെ സുരക്ഷാ സേന കോടതിയ്ക്ക് അകത്തു കടക്കുന്നത് തടഞ്ഞു.

പനാമ ഗേറ്റ് അഴിമതി കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് പാക് സുപ്രിംകോടതി നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് വിധിച്ചത്. നവാസ് ഷെരീഫ് സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നത് അയോഗ്യനാക്കുകയും കോടതി ചെയ്തിരുന്നു. കൂടാതെ, നവാസ് ഷെരീഫ് മക്കളായ മറിയം, ഹുസൈന്‍, ഹസ്സന്‍, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

DONT MISS
Top