കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ വാട്ടര്‍ അതോറിറ്റി; കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

കോഴിക്കോട്: തുരുമ്പിച്ച പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതു മൂലം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ തകര്‍ന്ന് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനൊപ്പം റോഡ് തകര്‍ന്ന് നാട്ടുകാര്‍ക്ക് യാത്രാദുരിതവും സമ്മാനിക്കുന്നു.

പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നതാണ് റോഡ് തകരാന്‍ കാരണമാകുന്നത്. മലയോര മേഖലയില്‍ ഇങ്ങനെ നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ലെന്നുള്ള പരാതി ശക്തമാകുകയാണ്.

പലയിടത്തും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത് ഇരുപത് വര്‍ഷത്തിലധികം പഴക്കം ചെന്ന പൈപ്പുകളാണ്. ഉദ്ഘാടന സമയത്ത് സ്ഥാപിച്ച പൈപ്പുകള്‍ പിന്നീട് മാറ്റിയിട്ടില്ല. പൈപ്പ് പൊട്ടുമ്പോഴൊക്കെ അതേ പൈപ്പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്താറാണ് പതിവ്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നത് തകര്‍ച്ചയ്ക്ക് കാരണമാകുന്നു.

മുക്കത്തു നിന്ന് ചേന്ദമംഗലൂരിലേക്കുള്ള റോഡില്‍ ഇരുപതിലധികം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ അപകടങ്ങളും പതിവാണ്. മുക്കം നോര്‍ത്ത് കാരശ്ശേരി മുരിങ്ങം റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല.

DONT MISS
Top