ബ്ലൂവെയില്‍ ഭീഷണി അവസാനിക്കുന്നില്ല; പാകിസ്താനില്‍ ഗെയിം കളിക്കുന്നതായി കണ്ടെത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളെ കോളെജില്‍ നിന്ന് പുറത്താക്കി

പ്രതീകാത്മക ചിത്രം

ലാഹോര്‍: ബ്ലൂവെയില്‍ ഗെയിം കളിക്കുന്നുണ്ടെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളെ കോളെജില്‍ നിന്ന് പുറത്താക്കി. പാകിസ്താനില്‍ പഞ്ചാബ് പ്രവിശ്യയിലുള്ള സര്‍ക്കാര്‍ ഗേള്‍സ് കോളെജിലെ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് പുറത്താക്കിയത്.

ബ്ലൂവെയില്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കുമൊക്കെ ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഗെയിം കളിക്കുന്നുണ്ടെന്ന് സംശയമുള്ള കുട്ടികളെ പ്രത്യേകമായി നിരീക്ഷിക്കാനും അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ഗെയിമുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ വര്‍ദ്ദിച്ച സാഹചര്യത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും മിക്ക സ്‌കൂളുകളും ശ്രദ്ധിച്ചിരുന്നു.

വിദ്യാര്‍ത്ഥിനികള്‍ ബ്ലൂവെയില്‍ ഗെയിം കളിക്കുന്നുണ്ടെന്ന സംശയം സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരുടേയും കൈകളില്‍ നീലത്തിമിംഗലത്തിന്റെ രൂപം കത്തികൊണ്ട് വരഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ ഗെയിമിന് അടിപ്പെട്ടിരിക്കുന്നതായി വ്യക്തമായതോടെ ഇവരെ കോളെജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇവര്‍ മറ്റ് കുട്ടികളെയും ഗെയിം കളിക്കാന്‍ പ്രേരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി.

പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കോളെജില്‍ വിളിച്ചു വരുത്തി അവരുടെ സാന്നിധ്യത്തിലായിരുന്നു അധ്യാപകര്‍ ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഗെയിം കളിക്കാറുണ്ടെന്ന് ഇരുവരും സമ്മതിച്ചു. ഗെയിമിന്റെ അവസാന ഘട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി യെന്ന് കോളെജ് അധികൃതര്‍ വ്യക്തമാക്കി.

DONT MISS
Top