ചികിത്സയ്ക്കായി ഗോമൂത്രം ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്; ഗോമൂത്രം മുസ്‌ലീങ്ങളും ഉപയോഗിക്കണമെന്ന് ബാബാ രാംദേവ്

ബാബാ രാംദേവ്

ദില്ലി: പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് വിദ്വേഷത്തിന്റെ വന്‍മതില്‍ സൃഷ്ടിക്കാനാണെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറഞ്ഞ് ചിലര്‍ എതിര്‍ക്കുകയാണ്. എന്നാല്‍ മുസ്ലീം സഹോദരങ്ങള്‍ നടത്തുന്ന ഹംദര്‍ദിനെ താന്‍ ഒരിക്കലും ഉന്നം വെച്ചിരുന്നില്ലല്ലോ എന്നും രാംദേവ് കുറ്റപ്പെടുത്തി.

‘ഹംദര്‍ദിന് ഞാന്‍ എല്ലാവിധ പിന്തുണയും നല്‍കാറുണ്ട്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് യോഗ ഗ്രാമം സ്ഥാപിക്കാനായി എനിക്ക് സ്ഥലം സംഭാലനയായി തന്നിട്ടുണ്ട്. പതഞ്ജലി ഹിന്ദു കമ്പനി ഉത്പന്നമാണെന്ന് വാദിക്കുന്നവര്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.’ ബാബാ രാംദേവ് പറഞ്ഞു.

അതേ സമയം ചികിത്സകളുടെ ഭാഗമായി ഗോമൂത്രം മുസ്‌ലീങ്ങളും സ്വീകരിക്കണമെന്ന പ്രസ്താവനയും രാംദേവ് നടത്തി. ഗോമൂത്രം ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. അതിനാല്‍ മുസ്‌ലീങ്ങളും ഗോമൂത്രം സ്വീകരിക്കണം.

പതഞ്ജലി ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നും അടുത്ത നൂറ് വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്നതിനെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും ബാബാ രാംദേവ് പറഞ്ഞു. ‘എനിക്ക് ശേഷം പതഞ്ജലി ഏറ്റെടുത്ത് നടത്തുക ഭൗതിക സുഖങ്ങളാഗ്രഹിക്കുന്ന ബിസിനസ്സുകാരായിരിക്കില്ല. ആവശ്യമായി പരിശീലനം നല്‍കിയിട്ടുള്ള എന്റെ പിന്തുടര്‍ച്ചക്കാരായ അഞ്ഞൂറ് സന്യാസികള്‍ അടങ്ങുന്ന ടീമിനെയാവും ഞാനതേല്‍പ്പിക്കുക.’ രാംദേവ് പറഞ്ഞു.

പതിനായിരം കോടി രൂപയാണ് അമ്പത്തിരണ്ടുകാരനായ ബാബാ രാംദേവിന്റെ അധീനതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ആസ്തി. ഇന്ത്യാ ടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ബാബാ രാംദേവ് പതഞ്ജലിയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിച്ചത്.

DONT MISS
Top